• 01 Oct 2023
  • 07: 52 AM
Latest News arrow

ന്യൂസിലാൻഡ് മണ്ണിൽ പരമ്പര തൂത്തുവാരി ഇന്ത്യ; ലോകേഷ് രാഹുല്‍ 'മാന്‍ ഓഫ് ദ സീരീസ്'

ബേ ഓവല്‍: ടി20 പരമ്പരയിലെ അഞ്ച് കളികളും ന്യൂസിലാൻഡ് മണ്ണിൽ തൂത്തുവാരി ഇന്ത്യ. ന്യൂസിലാന്‍ഡിന് ആശ്വാസ ജയം പോലും നല്‍കാതെ അഞ്ചാമത്തെയും അവസാനത്തെയും കളിയും ഇന്ത്യ സ്വന്തമാക്കി. ഏഴു റണ്ണിനാണ് അവസാന കളിയില്‍ ഇന്ത്യ ജയിച്ചത്. ഇതോടെ  ലോക ക്രിക്കറ്റില്‍ ടി20 പരമ്പര 5-0ന് ഇതാദ്യമായി സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോര്‍ഡും ടീം ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ  ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ കിവികളെ മികച്ച ബൗളിങിലൂടെ ഇന്ത്യ കീഴടക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 156 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളൂ. 47 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ട റോസ് ടെയ്‌ലര്‍ (53),  30 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുൾപ്പെട്ട ടിം സെയ്‌ഫേര്‍ട്ട് (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ കിവീസ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറ മൂന്നു പേരെ പുറത്താക്കിയത്. നവദീപ് സെയ്‌നിയും ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബുംറയാണ് 'മാന്‍ ഓഫ് ദി മാച്ച്'. പരമ്പരയിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ലോകേഷ് രാഹുല്‍ 'മാന്‍ ഓഫ് ദ സീരീസാ'യി തിരഞ്ഞെടുക്കപ്പെട്ടു. 

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്നു വിക്കറ്റിനാണ് 163 റണ്‍സെടുത്തത്. വിരാട് കോലിക്കു വിശ്രമം നല്‍കി. ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു.  ഹിറ്റ്മാന്‍ 60 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് രോഹിത് ക്രീസ് വിട്ടത്. ലോകേഷ് രാഹുല്‍ (45), ശ്രേയസ് അയ്യര്‍ (33*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. 

ന്യൂസിലാന്‍ഡിനു വേണ്ടി ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. 

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. വെറും രണ്ടു റണ്‍സാണ് സഞ്ജുവിനു നേടാനായത്.