• 01 Oct 2023
  • 08: 14 AM
Latest News arrow

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചും കെനിനും ചാമ്പ്യന്മാർ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ഒരിക്കല്‍ക്കൂടി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് നേടി. റോഡ് ലാവര്‍ അറീനയില്‍ നടന്ന  ഫൈനലിൽ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ്  ദ്യോക്കോവിച്ച് കീഴടക്കിയത്. സ്‌കോര്‍: 6-4, 4-6, 2-6, 6-3, 6-4. ഈ കിരീടനേട്ടത്തോടെ ലോക ഒന്നാം നമ്പര്‍ റാങ്കും ദ്യോക്കോവിച്ച് തിരിച്ചുപിടിച്ചു. കരിയറില്‍ ദ്യോക്കോവിച്ചിന്റെ 17-ആം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്; എട്ടാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും.

പങ്കെടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റുകളെല്ലാം ദ്യോക്കോവിച്ച് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ലോക അഞ്ചാം നമ്പര്‍ താരമായ ഡൊമിനിക് തീമിന് മുന്‍പില്‍ ജയിക്കാന്‍ ദ്യോക്കോവിച്ചിന് പണിപ്പെടേണ്ടി വന്നു. അഞ്ചാം സെറ്റില്‍ വാശിയോടെ പോരാടിയാണ്  ദ്യോക്കോവിച്ച് കിരീടം നേടിയത്. 

ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി 11 മത്സരങ്ങളാണ് ദ്യോക്കോവിച്ച് കരിയറില്‍ കളിച്ചത്. ഇതില്‍ ഏഴെണ്ണത്തില്‍ ദ്യോക്കോവിച്ച് ജയിച്ചു, നാലെണ്ണത്തില്‍ തീ മും.

തോല്‍വിയറിയാതെ ദ്യോക്കോവിച്ച് കളിക്കുന്ന 13 -മത്തെ മത്സരമായി മാറി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍. ഈ വര്‍ഷം ഇതുവരെ ഒരു മത്സരം പോലും താരം തോറ്റിട്ടില്ല.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിന്‍ കിരീടം നേടി. ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് കെനിന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-2, 6-2. തന്റെ കരിയറില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ഇരുപത്തിയൊന്നുകാരിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. നേരത്തെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ മുഗുരുസയ്ക്ക് ഫൈനലില്‍ തിളങ്ങാനായില്ല. 

പതിനാലാം സീഡായ കെനിന്‍ ഇതിന് മുന്‍പ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെയും പ്രീക്വാര്‍ട്ടര്‍ കടന്നിട്ടില്ല. അത്ഭുതക്കുതിപ്പ് നടത്തിയ അമേരിക്കയുടെ കൊക്കോ ഗൗഫിനേയും ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയേയും മറികടന്നായിരുന്നു കെനിന്‍ ഫൈനലിലെത്തിയത്.