• 01 Oct 2023
  • 06: 39 AM
Latest News arrow

ടി20: വീണ്ടും സൂപ്പർ ഓവർ; ഇന്ത്യയ്ക്ക് സൂപ്പർ വിജയം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ ജയിച്ചു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടാം മത്സരമായിരുന്നു ഇത്. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.

ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. ടിം സെയ്‌ഫേര്‍ട്ടും സ്‌കോട്ട് കുഗ്ലെയ്നുമാണ് കിവീസിനായി ഓപ്പണ്‍ ചെയ്തത്.

മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 10 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുല്‍ പുറത്തായപ്പോള്‍ കോലിക്കൊപ്പം ക്രീസിലെത്തിയത് സഞ്ജു സാംസണായിരുന്നു.

ഇതോടെ അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ 4-0 ന് മുന്നിലെത്തി.

നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാൻഡിന്  ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡ്രോ ആയതോടെ, തുടര്‍ച്ചയായ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.