• 19 Sep 2020
  • 05: 42 AM
Latest News arrow

ആകാംക്ഷ ഉയര്‍ത്തി അന്വേഷണം

വീടുകളില്‍ സംഭവിക്കുന്ന ബാലപീഡനം മുന്‍നിര്‍ത്തി കഥ പറയുന്ന ചിത്രമാണ് അന്വേഷണം. മാതാപിതാക്കള്‍ മക്കളെ തല്ലുകയും ചില സന്ദര്‍ഭങ്ങളില്‍ അവര്‍ മരിക്കുകയും ചെയ്തിട്ടുള്ള വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ മാതാപിതാക്കളെ ഭീകര കുറ്റവാളികളായിട്ടാണ് സമൂഹവും മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. മിക്ക കേസുകളിലും അങ്ങിനെയാണെങ്കിലും അങ്ങിനെയല്ലാത്ത സംഭവങ്ങളും ഉണ്ടെന്ന വിഷയമാണ് അന്വേഷണം എന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു കേസ് അന്വേഷണത്തിന്റെ വാര്‍പ്പിലാണ് ഈ ആശയത്തെ സിനിമ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. 

മേശയില്‍ തലയിടിച്ച് ബോധം മറഞ്ഞ ഏഴ് വയസ്സുള്ള അശ്വിന്‍് അരവിന്ദ് എന്ന ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. പരിശോധനയ്ക്കിടെ കുട്ടിയുടെ ദേഹത്ത് അടികൊണ്ട പാടുകള്‍ നഴ്‌സ് സോണി (ലെന) കാണുന്നു. കുട്ടി ബാല പീഡനത്തിനിരയായതായും കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ആരോ വിവരം അറിയിക്കുന്നു. എസിപി ലത സിദ്ധാര്‍ത്ഥും (ലിയോണ ലിഷോയ്) രണ്ട് പൊലീസുകാരും അന്വേഷണത്തിനായി ആശുപത്രിയിലെത്തുന്നു. തുടര്‍ന്ന് കുട്ടിയ്ക്ക് എന്ത് സംഭവിച്ചു, കുട്ടി യഥാര്‍ത്ഥത്തില്‍ ബാല പീഡനത്തിന് ഇരായായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആര് കുട്ടിയെ ഉപദ്രവിച്ചു, ഇല്ലായെങ്കില്‍ കുട്ടിയ്ക്ക് എങ്ങിനെ അപകടം പറ്റി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്. ഈ അന്വേഷണമാണ് 'അന്വേഷണം' എന്ന ചിത്രത്തെ ചടുലമാക്കുന്നത്, പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നത്. 

ഒരു ദിവസം വൈകുന്നേരം മുതല്‍ അന്ന് അര്‍ദ്ധരാത്രി വരെയുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റകൃത്യവും കേസ് അന്വേഷണം എല്ലാം കഴിയുന്നു. ഈ സമയക്കുറവ് തന്നെയാണ് കേസ് അന്വേഷണത്തില്‍ പലപ്പോഴും ഉദ്വേഗം ജനിപ്പിക്കുന്നത്. ട്രാഫിക് ഉള്‍പ്പെടെയുള്ള ചില സിനിമകളില്‍ കാണിച്ചതുപോലെ പല സമയത്ത് നടന്ന സംഭവങ്ങളെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് സമയം കാണിച്ചുകൊണ്ടുള്ള അവതരണവും തരക്കേടില്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ ലത സിദ്ധാര്‍ത്ഥിന്റെ ഭാവാഭിനയങ്ങളും സംഭാഷണങ്ങളും കൂടിയാകുന്നതോടെ സിനിമയുടെ ആദ്യ പകുതി ഭദ്രമാകുന്നു. 

വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ഇവരില്‍ കുട്ടിയോട് അടുപ്പമുള്ളവര്‍ നല്‍കുന്ന മൊഴികളുടെ വൈരുദ്ധ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാകുന്നത്. പലരും കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായുള്ള സംശയവും മൊഴികളില്‍ നിന്നും ഒരു ഉത്തരം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയും പ്രേക്ഷകരുടെ ആകാംഷയെ ഉയര്‍ത്തുന്നുണ്ട്. 

പുതുമയുള്ള പല രംഗങ്ങളും ചിത്രത്തില്‍ കാണാം. ഗര്‍ഭിണിയായ അന്വേഷണ ഉദ്യോഗസ്ഥ, ഫാര്‍മസിയില്‍ നിന്നും അവര്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കുന്ന സഹപ്രവര്‍ത്തകര്‍, കേസ് തങ്ങളുടെ വഴിയ്ക്ക് കൊണ്ടുവരാന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ നടത്തുന്ന ചില ശ്രമങ്ങള്‍ എല്ലാം നവ്യാനുഭവമായിരുന്നു. 

അതിശയിപ്പിക്കുന്ന രീതിയിലൊന്നുമല്ല കേസന്വേഷണം മുന്നോട്ടുപോകുന്നത് എന്നതാണ് രസക്കുറവ് അനുഭവപ്പെട്ട ഒരു കാര്യം. വളരെ ബുദ്ധിമുട്ടി, തലപുകഞ്ഞ് അന്വേഷിക്കേണ്ടതായി എന്തെങ്കിലും ഉള്ള ഒന്നായി ഈ കേസിനെ ചിത്രം അവതരിപ്പിക്കുന്നില്ല. മൊഴികള്‍, കോള്‍ ലിസ്റ്റ്, പൊലീസ് സര്‍ജന്റെ സാധാരണ മട്ടിലുള്ള പരിശോധന തുടങ്ങിയവയിലൂടെ കേസ് നിഷ്പ്രയാസം തെളിയിക്കപ്പെടുകയാണ്. അതുകൊണ്ട് നമ്മുടെ ബുദ്ധിയെ പണിയെടുപ്പിക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുന്ന ഘടകങ്ങള്‍ പ്രതീക്ഷിച്ചാണ് 'അന്വേഷണം' കാണുന്നതെങ്കില്‍ നിരാശയാകും ഫലം. 

ഇത്തരത്തില്‍ സാധാരണ മട്ടിലുള്ള ഒരു അന്വേഷണ രീതിയില്‍ മുന്നോട്ട് നീങ്ങുന്ന സിനിമ രണ്ടാം പകുതിയിലെത്തുമ്പോള്‍ ഇമോഷണല്‍ ഡ്രാമയായി പരിണമിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തെ ശക്തമായി അവതരിപ്പിക്കാന്‍ സിനിമ ശ്രമിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് അബോധാവസ്ഥയില്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയെ മനോഹരമായി തന്നെ സിനിമ അവതരിപ്പിച്ചു. 

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമായി ചിത്രീകരിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. പലരുടെയും ഉള്ളുലയ്ക്കുന്ന ഒരു രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആ രംഗം അത്രയും മികച്ചതായതില്‍ ജയസൂര്യ എന്ന നടന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു ഇമോഷണല്‍ രംഗവും നന്നായിരുന്നു. ലന അവതരിപ്പിച്ച നഴ്‌സ് മികച്ച ഒരു കഥാപാത്ര സൃഷ്ടിയാണെന്നും പറയാതെ വയ്യ.

അതേസമയം ചിത്രത്തിന്റെ ക്യാമറ വര്‍ക്ക് പലയിടങ്ങളിലും നല്ലതായി തോന്നിയില്ല. ചാനലിനുള്ളിലെ ഷോട്ട് അത്തരത്തില്‍ ഒന്ന് മാത്രം. ചിലയിടങ്ങളില്‍ ക്യാമറ അമിതമായി ചലിപ്പിച്ച പോലെ തോന്നി. അതേസമയം ട്രെയിലറിലെ ഷോട്ടുകളെല്ലാം നല്ലതായിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ 'അന്വേഷണം' എന്ന പേര് എഴുതിക്കാണിച്ചിടത്ത് അല്‍പ്പം രസക്കുറവ് അനുഭവപ്പെട്ടു. രണ്ടോ മൂന്നോ ഷോട്ടുകള്‍ മാത്രം കാണിച്ച് തിടുക്കത്തില്‍ ടൈറ്റില്‍ എഴുതിക്കാണിക്കുകയായിരുന്നു. ചിത്രത്തില്‍ ആകെ ഒരു പാട്ട് മാത്രമേയുള്ളൂ. അത് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. 

കുറഞ്ഞ സമയം കൊണ്ട് ചടുലമായ ഒരു കഥ പറഞ്ഞ് പിരിമുറുക്കം സൃഷ്ടിച്ച് പിന്നെ ശാന്തമായി അവസാനിപ്പിക്കാനുള്ള ഒരു ശ്രമം സിനിമ നടത്തിയിട്ടുണ്ടെന്ന് കാണാം. പക്ഷേ ആ ഉദ്ദേശ്യം വിചാരിച്ചപോലെ നടന്നില്ലെന്നതാണ് ഒരു പോരായ്മ. കാരണം അന്വേഷണം ഒരു പരിധി കഴിയുമ്പോള്‍ ഇമോഷണല്‍ ഡ്രാമയ്ക്ക് വഴി മാറുകയാണ്. ക്ലൈമാക്‌സിലെ ട്വിസ്റ്റും വൈകാരിക രംഗങ്ങളൊടൊപ്പം ചേര്‍ന്നാണ് വരുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടോ എന്തോ സിനിമയുടെ ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ട ആകാംക്ഷ അവസാന ഭാഗമാകുമ്പോഴേയ്ക്കും നഷ്ടപ്പെടുന്നുണ്ട്. അതേസമയം വൈകാരിക നിമിഷങ്ങളെ പൂര്‍ണമായും ഉള്ളിലേക്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി. അതുകൊണ്ട് തന്നെ ട്രെയിലര്‍ കണ്ട് മനസ്സില്‍ സൃഷ്ടിച്ചെടുത്ത പ്രതീക്ഷയുടെ തലത്തിലേക്ക് സിനിമ എത്തിയില്ലെന്ന് പറയേണ്ടി വരും.