• 05 Jul 2020
  • 12: 16 PM
Latest News arrow

കൊറോണ: വേണ്ടത് ഭീതിയല്ല, ജാഗ്രത

ഏകദേശം 60 വര്‍ഷം മാത്രം പഴക്കമുള്ള വൈറസാണ് കൊറോണ വൈറസ്. 1960കളിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില പക്ഷികളിലും സസ്തനികളിലും വളരെ ലഘുവായിട്ടുള്ള ശ്വാസകോശ അണുബാധ ഉണ്ടായപ്പോള്‍ അതിനെക്കുറിച്ച് പഠിക്കുകയും അങ്ങിനെ കൊറോണ വൈറസിനെ കണ്ടെത്തുകയുമായിരുന്നു. കൂടാതെ ചില മനുഷ്യരിലും ഈ വൈറസ് ബാധ വന്നതായി സ്ഥിരീകരിച്ചു. നമ്മള്‍ ജലദോഷപ്പനി എന്ന് പറയുന്ന സാധാരണ പനിയുടെ രൂപത്തിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതിന്റെ ശരിയായ രൂപം വ്യക്തമായത് 2002ല്‍ സാര്‍സ് (സീവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം) എന്ന രീതിയില്‍ ചില ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായപ്പോഴാണ്. 
പനി പോലെ തുടങ്ങി, പെട്ടെന്ന് ന്യൂമോണിയയിലേക്ക് മാറുന്ന സ്ഥിതിയിലായിരുന്നു സാര്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് അതിലും ഭീകരമായ മെര്‍സ് എന്ന രീതിയില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കാണപ്പെട്ടു.  റെസ്പിരേറ്ററി സിന്‍ഡ്രം എന്ന രീതിയിലുള്ള ശ്വാസകോശ അണുബാധയായിട്ടാണ് അറേബ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷം ഇപ്പോള്‍, 2019ല്‍ ചൈനയില്‍ നോവല്‍ കൊറോണ വൈറസ് എന്ന പേരില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

ഇതൊരു ശ്വാസകോശ വൈറസ് ബാധയാണ്. സാധാരണ നമ്മുടെ ജലദോഷപ്പനിയ്ക്കുണ്ടാകുന്നത് പോലെ തന്നെയാണ് ഈ കൊറോണ വൈറസിന്റെയും രോഗലക്ഷണങ്ങളും രോഗപ്പകര്‍ച്ചയും. രോഗ ബാധിതനായ ഒരു വ്യക്തിയില്‍ നിന്നും ആ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ഉണ്ടാകുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയാണ് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത്. ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങള്‍. 

രോഗപ്രതിരോധ വ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് രോഗം അതിവേഗം ന്യൂമോണിയ, ബ്രോങ്കൈറ്റിസ് രോഗങ്ങളിലേക്ക് വഴിമാറുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. അതിന് ശേഷം രക്ത സമ്മര്‍ദ്ദം ഭീകരമായ തോതില്‍ താഴുകയും രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. 

എല്ലാവരിലും ഈ രീതിയില്‍ തന്നെ പ്രകടമാകണമെന്നില്ല. നൂറ് പേരെടുത്താല്‍ അതില്‍ 10 പേര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രോഗം അതീവ ഗുരുതരാവസ്ഥയിലേക്ക് മാറൂ. അല്ലാത്തവരില്‍ ഇത് സാധാരണ ജലദോഷപ്പനി പോലെ വന്ന് മാറാനാണ് സാധ്യത. 

മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഈ വൈറസിനെതിരെ ഒരു വ്യക്തിയ്ക്കും പ്രതിരോധ ശേഷിയില്ല. കാരണം ഇത് പുതിയൊരു വൈറസാണ്. ലോകത്തിലാര്‍ക്കും പ്രതിരോധശേഷിയില്ല. മരുന്നും കണ്ടെത്തിയിട്ടില്ല. വാക്‌സിനുമില്ല. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത വ്യക്തിയില്‍ നിന്ന് പോലും രോഗം മറ്റുള്ളവരിലേക്ക് പകരാമെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. രോഗപ്രതിരോധശേഷി ദുര്‍ബലമായവര്‍ക്കാണ് ഈ രോഗം വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് ശാരീരികാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന വാക്കിന് കേരളം വലിയ പ്രധാന്യം നല്‍കുന്നത്. 

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.....

വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യാതിരിക്കുക

കൈകള്‍ വൃത്തിയായിട്ട് കഴുകുക, കൈകളുടെ ശുചിത്വം നിര്‍ബന്ധമായിട്ടും പാലിക്കണം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം തൂവാല ഉപയോഗിക്കുക 

പൊതു ഇടങ്ങളില്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കുക

അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക

വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം

ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിയ്ക്കണം

നല്ല ഭക്ഷണം കഴിക്കുക

ജലദോഷമോ പനിയോ വന്നാല്‍ പരിപൂര്‍ണമായി വിശ്രമിക്കുക

 

 

Editors Choice