• 10 Apr 2020
  • 06: 44 PM
Latest News arrow

വായിക്കില്ലെന്ന് വ്യക്തമാക്കിയ പതിനെട്ടാം ഖണ്ഡിക എതിർപ്പറിയിച്ച് ഗവർണ്ണർ വായിച്ചു

നിയമസഭയിൽ നാടകീയ രംഗങ്ങൾ; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വായിക്കുന്നതെന്ന് ഗവർണ്ണർ; ഒത്തുകളിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന, സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡിക നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിൽ വായിച്ചു. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം പതിനെട്ടാം ഖണ്ഡിക വായിച്ചത്. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണ്ണർ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്‌കില്‍ അടിച്ച് ആഹ്ലാദം രേഖപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഗവർണ്ണർ വിയോജിപ്പോടെ വായിച്ചത്. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോട് ഗവർണ്ണർക്ക്  വിയോജിപ്പുണ്ടായിരുന്നു. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഗവർണ്ണർ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നത്.

ഗവർണ്ണറുടെ വിയോജിപ്പ് സഭാരേഖകളില്‍ സാധാരണ ഉണ്ടാകാറില്ല. എന്നാല്‍ ഇത് രേഖപ്പെടുത്താന്‍ സ്പീക്കറോട് ഗവർണ്ണർക്ക് ആവശ്യപ്പെടാം.

ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണ്ണക്കെതിരെ കടുത്ത നിലപാടാണ്  പ്രതിപക്ഷം കൈക്കൊണ്ടത്. നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവർണ്ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞു. 'ഗോബാക്ക്' വിളികളുമായി ഗവർണ്ണർക്കു  മുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. 

വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവർണ്ണർ പ്രതിപക്ഷ ബഹളത്തിനിടയിലാണ്  നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു.

സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഒത്തുകളിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.