• 19 Sep 2020
  • 05: 03 AM
Latest News arrow

കോണ്‍ഗ്രസ് 'അയ്യയ്യേ' എന്ന് പറയിപ്പിക്കാതിരുന്നാല്‍ നന്നായി

ഒടുവില്‍ അവന്‍ വന്നു. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും ശേഷം ആര്‍ഭാടപൂര്‍വ്വമുള്ള വരവ്. പക്ഷെ മഹാ ജംബോ അല്ല, ഒരു മിനി ജംബോ, ജംബോയുടെ മറ്റൊരു വരവിന് കണ്ണും കാതും തുറന്നു വച്ചോളൂ. അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ... ഉടന്‍ വരും.

കോണ്‍ഗ്രസിന്റെ കേരളത്തിലെ ഭാരവാഹിപട്ടികയെപ്പറ്റിയാണ് പറഞ്ഞുവന്നത്. ആദ്യം കേട്ടത് നൂറിലേറെയുള്ള പട്ടികയെന്നാണ്. പിന്നീടത് 140-ന് അടുത്തുവരുമെന്നായി. ഗ്രൂപ്പുതലവന്മാരും ഗ്രൂപ്പില്ലാത്ത തലവന്മാരും  കേരളത്തിലും ഡല്‍ഹിയിലും ദിവസങ്ങളോളം ഊണും ഉറക്കവുമുപേക്ഷിച്ച് ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ  ജംബോ ലിസ്റ്റ് ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല.  സോണിയാമേഡത്തിന് ഭാരവാഹികളാവാഹികളാകാനുള്ളവരുടെ ജാഥ കണ്ട് തലകറക്കമുണ്ടായി പോലും.

 ഒടുവില്‍  കമ്മിറ്റിയുടെ ഒന്നാം ഗഡു  പുറത്തിറക്കി. ഒരു ഡസന്‍ വൈസ് പ്രസിഡന്റുമാര്‍. 34 ജനറല്‍ സെക്രട്ടറിമാര്‍. ഒരു ട്രഷറര്‍. വര്‍ക്കിംഗ് പ്രസിഡന്‌റുമാരുടെ ലിസ്റ്റ് രണ്ടില്‍ നിന്ന് ആറായും ഉയര്‍ത്തിയെങ്കിലും ഒന്നാം ഗഡുവില്‍ ആരുമില്ല. പ്രസിഡന്റ് തന്നെ വര്‍ക്ക് ചെയ്യാന്‍ ധാരാളം മതിയെന്ന് കരുതിയിട്ടാണോ അതോ വര്‍ക്കിഗ്  സ്ഥാനത്തിനുള്ള  പിടിവലി തല്‍ക്കാലം ശമിക്കട്ടെയെന്ന് കരുതിയാണോ എന്നറിഞ്ഞു കൂടാ തല്‍ക്കാലം ഹൈക്കമാന്‍ഡ് വാ തുറക്കുന്നില്ല. ഇനി അഥാവാ രണ്ടാം ലിസ്റ്റില്‍ വന്നുകൂടെന്നുമില്ല. വരുന്നെങ്കില്‍ ഒരു പക്ഷെ നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റുമാരായിരുന്ന കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും വന്നുകൂടെന്നുമില്ല. ഒരാള്‍ക്ക് ഒരു പദവി എന്ന് ചിന്ത ഈ രണ്ട് എംപിമാര്‍ക്ക് വേണ്ടി മറന്നുകൂടെന്നുമില്ല.

 ഇതൊന്നുമല്ല ഇപ്പോള്‍ പുറത്തു വന്ന  ലിസ്റ്റിന്റെ അവസ്ഥ.  ഗ്രൂപ്പില്ലെങ്കില്‍ ഭാരവാഹിത്തമില്ല എന്ന ധാരണ മിക്കവാറും ശരിവച്ചിട്ടുണ്ടെങ്കിലും  മുന്‍കാലങ്ങളില്‍ ഗ്രൂപ്പിനെ നയിച്ച ചിലരെ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ എ. ഗ്രൂപ്പുകാരില്‍ ചിലര്‍ക്കാണ് പരിഭവം. മുന്‍ കാലങ്ങളില്‍ ഗ്രൂപ്പിന് വേണ്ടി പടനയിച്ച ചിലരെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയത്രെ. അവരുടെ അനുയായികള്‍ പ്രതിഷേധ സൂചകമായി എ. ഗ്രൂപ്പില്‍ ഒരു  ബി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. എ. ഗ്രൂപ്പിന്റെ  സാംസ്‌ക്കാരിക സംഘടനയായ രാജീവ് വിചാര്‍ വേദി  കൂടുതല്‍ ശക്തമാക്കാനാണ്  നീക്കം.

34 ജനറല്‍ സെക്രട്ടറിമാര്‍ ഉള്ള സ്ഥിതിക്ക് അതില്‍ ഇരട്ടിയോ ഏതാണ്ടടുത്തോ സെക്രട്ടറിമാര്‍ വേണ്ടി വരും അടുത്ത ലിസ്റ്റില്‍ അത് പ്രതീക്ഷിച്ച് ഇരിപ്പുള്ളവര്‍  ധാരാളം. മാത്രമല്ല  സ്ഥാനം  ലഭിക്കാത്തതില്‍ അമര്‍ഷമുള്ളവരെ സാന്ത്വനിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിമാരുടേയും വൈസ് പ്രസിഡന്‌റുമാരുടെയും  എണ്ണത്തില്‍ വര്‍ദ്ധന പ്രതീക്ഷിച്ചുകൂടായ്കയില്ല. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ കാര്യവും പരിഗണയിലുണ്ടാവും.

 യുവാക്കള്‍ക്കും വനിതകര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം കേട്ടു കേട്ടു മറന്നതാണ്.  പക്ഷെ അതൊരു പാഴ്വാക്കാണ്. ഇത്തവണയും ഈ പല്ലവി ഉറക്കെ  കേട്ടിരുന്നു. പക്ഷെ പുറത്തു വന്ന പട്ടികയില്‍ 35 വയസില്‍ താഴെയുള്ളവര്‍ എത്ര പേരുണ്ടെന്ന് ചികഞ്ഞാല്‍ കണ്ണു തള്ളൂം.

 വനിതകള്‍ ഭാരവാഹികളായി വരുന്നതില്‍ പുരുഷ കേസരികള്‍ക്ക് അത്ര താല്‍പ്പര്യമുള്ളതല്ലെന്ന് ആര്‍ക്കും തോന്നിപോകും.  ഇപ്പോള്‍ പുറത്തു വന്ന 47 പേരുടെ ലിസ്റ്റില്‍ മൂന്നേ മുന്നു മഹിളാ മണികള്‍ മാത്രം. രണ്ട് വൈസ് പ്രസിഡന്‌റുമാരും ഒരു ജനറല്‍ സെക്രട്ടറിയും.

 ജനസംഖ്യയിലും വോട്ടര്‍മാരിലും എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസിന് വനിതകളോടുള്ള അവഗണനയാണിതെന്ന് കുറ്റപ്പെടുത്തിയാല്‍ തെറ്റു പറയാനാവുമോ?  വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും പഴയ മലബാറില്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുമ്പൊന്നുമില്ലാത്ത വിധം ഒരു വനിത ഉള്‍പ്പെടെ  ഏഴു പേരെ ജയിപ്പിച്ച ഒരു പാര്‍ട്ടിക്ക്  സംഘടനാ നേതൃത്വത്തില്‍ ഒരു റോസക്കുട്ടി ടീച്ചറെ മാത്രമേ ഉള്‍ക്കൊള്ളിക്കാനായുള്ളൂ എന്ന് വന്നാല്‍   മൂക്കത്ത് വിരല്‍ വെക്കുകയേ നിര്‍വ്വാഹമുള്ളൂ.

ഏറെ തമാശ പുതിയ ലിസ്റ്റിനെക്കുറിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും  എംപിയും മുന്‍ മന്ത്രിയുമൊക്കെയായ കെ. മുരളീധരന്റെ വിമര്‍ശനമാണ്.  കോണ്‍ഗ്രസിന്റെ അനിഷേദ്ധ്യ നേതാവും മുഖ്യമന്ത്രിയുമായ ആര്‍ ശങ്കറിന്റെ പുത്രന്‍ മോഹന്‍ശങ്കറിനെ കെപിസിസി വൈസ് പ്രസിഡന്‌റാക്കിയതാണ് മുരളിക്ക് ദഹിക്കാതെ  പോയത്. മോഹന്‍ ഇടക്കാലത്ത് താമരപാര്‍ട്ടിയില്‍ ചേര്‍ന്ന് തിരിച്ചുവന്നതാണെന്നാണ് ഇടക്കാലത്തെ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് നയിച്ചു മതിയായി മാതൃസംഘടനയിലേക്ക് തിരിച്ചു വന്ന മുരളി പറയുന്നത്.

ഏതായാലും കോണ്‍ഗ്രസിന്റെ ഭാരവാഹിത്ത പട്ടികയും ഗ്രൂപ്പ് പങ്കിടലും ബഹു ജോര്‍. ഐയും എയും ചേര്‍ന്നാണ് സ്ഥാനങ്ങള്‍ പങ്കുവച്ചത്. ഗ്രൂപ്പ് വടംവലിയില്‍  'അയ്യേ...( ഐ. എ)' എന്ന് കേള്‍പ്പിക്കരുതെന്നായിരുന്നു നേരത്തെ കേട്ടിരുന്ന പരിഹാസം.  ഇനിയിപ്പോള്‍ അത് 'അയ്യയ്യേ' എന്ന് പറയിപ്പിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് നന്നായി.