• 19 Sep 2020
  • 05: 52 AM
Latest News arrow

കറുത്ത രാച്ചിയമ്മയെ വെളുത്ത പാര്‍വ്വതി അവതരിപ്പിക്കുമ്പോള്‍.... ചിലതൊക്കെ പറയാനുണ്ട്; കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ

മലയാള സിനിമ കറുത്ത തൊലിയോട് കാണിക്കുന്ന വിവേചനത്തെക്കുറിച്ച് ഓരോ കാലഘട്ടത്തിലും നിരവധി വിളിച്ചുപറയലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അങ്ങിനെ വിളിച്ചുപറയുന്നവരെ അപകര്‍ഷതാ ബോധമുള്ളവരായി മുദ്രകുത്തുന്നതാണ് സാധാരണ നടപടിക്രമം. ഇവരുടെ ഉറക്കെയുള്ള ശബ്ദങ്ങളെ പുച്ഛത്തോടെയും പരിഹാസത്തോടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് എപ്പോഴും നടക്കുക. ഇപ്പോള്‍ വീണ്ടും ഈ വിഷയം ഇവിടെ ചര്‍ച്ചയാക്കുകയാണ്. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയും അതിലെ കഥാപാത്രവും എല്ലാക്കാലത്തും വിവാദ വിഷയമാണ്. ഇന്ന് രാച്ചിയമ്മ സിനിമയാകാന്‍ പോകുമ്പോഴും അതിന് മാറ്റമില്ല. ഉറൂബിന്റെ കറുത്ത രാച്ചിയമ്മയെ വെളുത്ത നിറക്കാരിയായ പാര്‍വ്വതി അവതരിപ്പിക്കുന്നതാണ് പ്രശ്‌നം. കറുത്ത നിറമുള്ള സ്ത്രീയാണ് രാച്ചിയമ്മ എന്നത് ഉറൂബ് തന്റെ കഥയില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആ രാച്ചിയമ്മയെ വെള്ളിത്തിരയില്‍ കാണിക്കുമ്പോള്‍ നീതി ഒരു ഘടകമായി വരും. കഥ വായിച്ചവരുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട, എഴുത്തുകാരന്‍ സൃഷ്ടിച്ച, രാച്ചിയമ്മയുടെ രൂപത്തോടും ഭാവങ്ങളോടും സംഘര്‍ഷഭരിതമാകുന്നതാകരുത് വെള്ളിത്തിരയിലെ രാച്ചിയമ്മ. കഥയിലെ രാച്ചിയമ്മ എങ്ങിനെയായിരുന്നോ അങ്ങിനെ തന്നെ വേണം സിനിമയിലേക്കെത്തുമ്പോഴും ആ കഥാപാത്രം. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വൈരുദ്ധ്യാത്മകമാണ്.

രാച്ചിയമ്മയെ വായിക്കുന്നവരുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട രൂപത്തോട് വെളുത്ത നിറക്കാരിയായ പാര്‍വ്വതി ഒരു തരത്തിലും ചേരുന്നില്ലെന്നത് വാസ്തവമാണ്. ചിലപ്പോള്‍ അവര്‍ക്ക് രാച്ചിയമ്മയെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷേ രൂപംകൊണ്ട് രാച്ചിയമ്മയെ പാര്‍വ്വതിയില്‍ കാണാന്‍ സാധിക്കില്ല. കഥാപാത്രമായി അഭിനേത്രി മാറുന്നതിന് പകരം കഥാപാത്രം അഭിനേത്രിയിലേക്ക് ചുരുങ്ങുന്ന കാഴ്ച.

 

മലയാള സിനിമയില്‍ കറുത്ത മുഖങ്ങള്‍ അസാധാരണമാണ്. അവര്‍ക്കായി വേഷങ്ങള്‍ സംവരണം ചെയ്തിരിക്കുന്ന സ്ഥിതി. കറുത്ത നിറമുള്ള അഭിനേതാക്കള്‍ ചെയ്തുവന്ന കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. താഴ്ന്ന ജാതിയെന്ന് മുദ്രകുത്തപ്പെട്ട സമൂഹത്തില്‍ നിന്നുള്ളവര്‍, കോളനികളിലെ അരിക് ജീവിതങ്ങള്‍, അതീവ ദരിദ്രര്‍, വീട്ടുജോലിക്കാരി, ഗുണ്ടകള്‍ തുടങ്ങിയ കഥാപാത്രങ്ങളെ ചെയ്യാനാണ് മലയാള സിനിമ കറുത്ത നിറമുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത് ?

നിറത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോലും എന്തുകൊണ്ട് വെളുത്ത നിറമുള്ളവരെ തിരഞ്ഞെടുക്കുന്നു? മാത്രമല്ല, നിറത്തിന് പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും വെളുത്ത നിറക്കാരെയാണ് വേണ്ടത്. കറുത്ത നിറക്കാരിയാണ് രാച്ചിയമ്മ എന്ന് കൃത്യമായി എഴുതിവെയ്ക്കപ്പെട്ടിട്ട് പോലും വെളുത്ത നിറമുള്ള പാര്‍വ്വതിയെ തിരഞ്ഞെടുത്തതുപോലെ... ഐഎം വിജയനെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയെ തിരഞ്ഞെടുത്തതുപോലെ... ഐഎം വിജയന്റെ രൂപത്തിലുള്ള ഒരു നടനെ എങ്ങിനെ സ്‌ക്രീനില്‍ കുറേ നേരം കണ്ടുകൊണ്ടിരിക്കുമെന്ന് ചോദിക്കുന്ന ആളുകളാണ് ഇവിടെ അധികവും. തങ്ങളുടെ കഴിവ് എത്ര ഗംഭീരമായി പ്രകടിപ്പിച്ചാല്‍പ്പോലും രൂപത്തെപ്പറ്റി പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടുന്നത് തികച്ചും വര്‍ണവിവേചനം തന്നെയാണ്. 

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ന്യായീകരണം ഇവിടെ വിലപ്പോകില്ല. കേരളത്തിലെ സ്ത്രീജനസംഖ്യയുടെ പകുതിയിലേറെയും കറുത്ത തൊലിയുള്ളവരാണ്. ഇങ്ങിനെ ഒരു ജനവിഭാഗത്തിന്റെ പ്രാതിനിധ്യത്തെ മറവ് ചെയ്ത് മറ്റേ വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനെക്കാള്‍, ചോദ്യം ചെയ്യേണ്ട കാര്യം. 

വെളുത്ത നിറമുള്ള നടിമാരെ കറുത്ത മേയ്ക്കപ്പ് ഇട്ട് കൊണ്ടുവരുന്നതാണ് മറ്റൊരു പ്രവണത. എന്തിനാണ് അങ്ങിനെ ചെയ്യുന്നത്...? കറുത്ത നിറമുള്ള നടിമാരെ കിട്ടാത്തതുകൊണ്ടാണെന്നൊന്നും പറഞ്ഞ് കളഞ്ഞേക്കരുത്. കറുത്ത തൊലിയുള്ള എത്രയോ അഭിനയ പ്രതിഭകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവരുടെ പ്രതിഭയേക്കാള്‍ അവരുടെ തൊലിയുടെ നിറം പലര്‍ക്കും പ്രശ്‌നമാകുന്നതാണ് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് കാരണം. പാര്‍വ്വതിയുടെ അഭിനയശേഷി കണ്ടിട്ടാണ് രാച്ചിയമ്മയായി പാര്‍വ്വതിയെ തിരഞ്ഞെടുത്തതെന്നും പറയരുത്. അഭിനയശേഷം പ്രകടിപ്പിക്കാന്‍ കറുത്ത പെണ്ണുങ്ങള്‍ക്ക് മലയാള സിനിമ അവസരം കൊടുത്തിട്ടുണ്ടോ? പ്രതിഭയ്ക്കല്ല, നിറം നല്‍കുന്ന പ്രിവിലേജാണ് ഇവിടെ അടിസ്ഥാനമാക്കുന്നത്.

രാച്ചിയമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പാര്‍വ്വതി പറഞ്ഞത്, ഇതിലെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നയാളായിരുന്നെങ്കില്‍ താന്‍ ഈ കഥാപാത്രം ചെയ്യില്ലായിരുന്നുവെന്നാണ്. ഇതൊരു ഫിക്ഷനായതുകൊണ്ടാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അങ്ങിനെയെങ്കില്‍ പാര്‍വ്വതി, സ്ത്രീവിരുദ്ധതയും ഇസ്ലാമോഫോബിയയും ആരോപിച്ച സിനിമകളും ഫിക്ഷന്‍ തന്നെയായിരുന്നില്ലേ? കസബ ഒരു ഫിക്ഷനായിരുന്നില്ലേ, ടേക്ക് ഓഫ് ഫിക്ഷനായിരുന്നില്ലേ...? ശക്തമായ രാഷ്ട്രീയ നിലപാടുകളെടുക്കുന്ന പാര്‍വ്വതി, സ്വന്തം കാര്യം വരുമ്പോള്‍ അതിനെ സൗകര്യപൂര്‍വ്വം വളച്ചൊടിക്കുകയാണെന്ന് പറയാതെ വയ്യ. അവരുടെ മറ്റു നിലപാടുകള്‍ ശരി തന്നെയായിരുന്നു. അവയോടൊപ്പം ഈ വിഷയത്തെയും പാര്‍വ്വതി മുന്നോട്ടുവെയ്ക്കണമായിരുന്നു. അതല്ലാതെ അത് ഫിക്ഷനാണെന്നും പറഞ്ഞ് ന്യായീകരിക്കുകയായിരുന്നില്ല വേണ്ടത്.