• 18 Aug 2022
  • 12: 43 PM
Latest News arrow

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് എം വി ഗോവിന്ദനും പി. ജയരാജനും

പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല; ഒറ്റ നിലപാട്

തിരുവനന്തപുരം: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനേയും താഹ ഫസലിനേയും സംബന്ധിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നടത്തിയ പ്രസ്താവനയെ തള്ളി പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാർട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അലന്‍റേയും താഹയുടേയും ഭാഗം കേൾക്കാതെ അവർ മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്നായിരുന്നു വ്യാഴാഴ്ച പി മോഹനന്‍ പറഞ്ഞിരുന്നത്.

"വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ  സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും  ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂ. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്. വിഷയത്തില്‍ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. പാര്‍ട്ടിക്ക് നടപടി സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടിയുടേതായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് കഴിയുമ്പോള്‍ വ്യക്തമാക്കും. "-  പി. മോഹനൻ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, പ്രസ്താവന വിവാദമായതോടെ, താന്‍ പറഞ്ഞത് മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവും അദ്ദേഹം നൽകിയിരുന്നു.

പി മോഹനന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ, അലന്‍റെയും താഹയുടെയും വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നതയില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. മോഹനന്‍ മാഷ് അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതിനിടെ, സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടിൽ താന്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ വീണ്ടും  പ്രതികരിച്ചു. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒറ്റനിലപാടാണ് ഉള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- 

UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

UAPA കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു.ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്റുകളെയും ഇസ്ലാമിസ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.
പ്രത്യേകമായി ക്യാമ്പസുകൾ.

സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്.എന്നാൽ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ UAPA നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്.മോഡി സർക്കാർ പാർലമെന്റിൽ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല.
ഇടതുപക്ഷം മാത്രമാണ് എതിർത്തത്.ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്.
അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്.
അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.