• 18 Aug 2022
  • 01: 25 PM
Latest News arrow

രാജ്യാന്തര നാടകോത്സവത്തിന് തൃശ്ശൂരിൽ തുടക്കം

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിന് (International Theatre Festival of Kerala, ITFoK- ഇറ്റ്ഫോക് 2020) തൃശൂരിൽ തിരശ്ശീല ഉയർന്നു. 29 വരെ നടക്കുന്ന നാടകോത്സവത്തിൽ വിദേശത്തുനിന്നുള്ള 7 നാടകങ്ങളുൾപ്പെടെ 19 നാടകങ്ങൾ അരങ്ങേറും. 

അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യുകെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നായി ഏഴു നാടകങ്ങളും ദേശീയവിഭാഗത്തിൽ ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, ഗോവ, ജയ്പുർ, പുണെ എന്നിവിടങ്ങളിൽനിന്നായി ആറു നാടകങ്ങളുമുണ്ട്. ആറു  മലയാള നാടകങ്ങളും അരങ്ങേറും. ബ്രസീലിലെ കംപാനിയ മുൻഗുസ തിയറ്ററിന്റെ 'സിൽവർ എപിഡെമിക്'  മുരളി ഓപ്പൺ എയർ തിയറ്ററിൽ തിങ്കളാഴ്ച രാത്രി ഉദ്ഘാടന നാടകമായി അവതരിപ്പിച്ചു.

വൈകിട്ട് അക്കാദമി അങ്കണത്തിൽ മന്ത്രി എ കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്കാരം മുതിർന്ന നാടകനിരൂപക ശാന്ത ഗോഖലേക്കു മന്ത്രി  സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.  അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത അധ്യക്ഷത വഹിച്ചു. മന്ത്രി വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ എ സി മൊയ്തീൻ ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും സി രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും പ്രകാശനം നിർവഹിച്ചു. സംവിധായകനും  ഇന്റർ മീഡിയ ആർട്ടിസ്റ്റുമായ
ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖപ്രഭാഷണം  നടത്തി. ഉദ്‌ഘാടനച്ചടങ്ങുകൾക്ക് മുന്നോടിയായി  അക്കാദമിമുറ്റത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും   സപ്തമദ്ദള കച്ചേരി അവതരിപ്പിച്ചു.

ഓൺലൈൻ ടിക്കറ്റ്  http\theatrefestival.com എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓരോ നാടകവും ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. ദിവസവും സെമിനാറുകൾ, പെർഫോമൻസ് പോയട്രി,  സിനിമാ പ്രദർശനം എന്നിവയുമുണ്ടാകും.