• 18 Aug 2022
  • 02: 16 PM
Latest News arrow

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃക; മസ്ജിദിൽ താലികെട്ട്

കായംകുളം: മതേതരകേരളത്തിന്റെ പരിച്ഛേദമായി മസ്ജിദിൽ താലികെട്ട് നടന്നു. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തിലാണ് കതിര്‍മണ്ഡപം ഒരുങ്ങിയത്. ചേരാവള്ളി 'അമൃതാഞ്ജലി'യില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ഹൈന്ദവാചാരപ്രകാരം മസ്ജിദിൽ നടന്നത്. കാപ്പില്‍ കിഴക്ക് തോട്ടേതെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത് ശശിയാണ് ഞായറാഴ്ച രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ അഞ്ജുവിനെ താലി ചാര്‍ത്തിയത്.

ചേരാവള്ളി 'അമൃതാഞ്ജലി'യില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകളാണ് അഞ്ജു. മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു, ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു.  തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്തു. വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു.

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃക തീർക്കുന്ന കേരളത്തിൽ പുതിയ ഒരേടാണ് ചെരാവള്ളിയിൽ രചിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.