• 23 Feb 2020
  • 11: 27 PM
Latest News arrow

പൗരത്വ നിയമ ഭേദഗതി: സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടത്. എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും  ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമായിരുന്നെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു.

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ കത്തിൽ ചോദിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. 

എന്നാൽ, സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.