• 24 Feb 2020
  • 12: 04 AM
Latest News arrow

കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് ആവർത്തിച്ച് ഇടയലേഖനം വായിച്ച് സിറോ മലബാര്‍ സഭ

കൊച്ചി: കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് സിറോ മലബാര്‍ സഭ ആവര്‍ത്തിച്ചു. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പരമാര്‍ശിക്കുന്നത്. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ലൗജിഹാദിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. എന്നാൽ,  സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല.

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അവസാനിച്ച സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ 'സത്യദീപ'ത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ  വിമര്‍ശിച്ച് ലേഖനമുണ്ടായിരുന്നത്. ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്ന് 'സത്യദീപ'ത്തില്‍ വിമര്‍ശിച്ചിരുന്നു.