• 23 Feb 2020
  • 09: 33 PM
Latest News arrow

നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി എന്ന് കോടിയേരി

കോഴിക്കോട്: കഴിഞ്ഞദിവസം 'ദേശാഭിമാനി'യുടെ മുഖപ്രസംഗത്തിൽ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. 'ദേശാഭിമാനി'യില്‍ തന്നെ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.  അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

''കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുംഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധം വളര്‍ത്താന്‍ ഇ ബാലാനന്ദന്‍ സ്മരണ കരുത്ത് പകരും'' - കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.

പദവിയുടെ വലിപ്പം തിരിച്ചറിയാതെ ഗവര്‍ണര്‍ രാഷ്ട്രീയപ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം 'ദേശാഭിമാനി'യുടെ മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നത്.