• 24 Feb 2020
  • 12: 02 AM
Latest News arrow

''ദൈവത്തിന് മുകളിലാണെന്നാണ് ഗവര്‍ണറുടെ വിചാരം''- രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

ഗവർണറെ തള്ളിപ്പറഞ്ഞ് നേതാക്കള്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദൈവത്തിന് മുകളിലാണ് തന്റെ സ്ഥാനമെന്നാണ് കേരള ഗവര്‍ണര്‍ വിചാരിക്കുന്നത്. രാജ്യത്തെ നിയമം ഗവര്‍ണര്‍ക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഗവര്‍ണറെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തള്ളി. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണര്‍ക്കെതിരെ ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. വാര്‍ത്താ സമ്മേളനം നടത്തിയല്ല ഗവര്‍ണര്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. ഔചിത്യത്തോടുള്ള സംവാദങ്ങള്‍ ഉണ്ടാകണം. ഗവര്‍ണര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരാരും പരസ്യ പ്രസ്താവനകളിറക്കി വിവാദത്തില്‍ കക്ഷിചേര്‍ന്നിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

ഗവര്‍ണര്‍ക്കെതിരെ മന്ത്രി എകെ ബാലനും രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടെന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. വിശദീകരണം തേടിയാല്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നല്‍കും. ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ പരസ്യമായ ഏറ്റുമുട്ടലല്ല സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എകെ ബാലന്‍ വ്യക്തമാക്കി.