• 23 Feb 2020
  • 11: 57 PM
Latest News arrow

''യുപി പൊലീസ് കസ്റ്റഡിയില്‍ ഹിറ്റലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെട്ട ജൂതമതക്കാരിയെപ്പോലെ തോന്നി''; സദഫ് ജാഫര്‍

ഹിറ്റ്‌ലറുടെ കാലത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെട്ട ഒരു ജൂത മതക്കാരിയാണ് താനെന്ന് തോന്നിപ്പോയെന്ന് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭത്തിനിടെ പൊലീസ് ജയിലിലടച്ച നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ സദഫ് ജാഫര്‍. ഡിസംബര്‍ 19ന് പരിവര്‍ത്തന്‍ ചൗക്കില്‍ സമാധാനപരമായി നടന്ന പ്രകടനത്തിലേക്ക് പൊലീസ് അക്രമം അഴിച്ചുവിടുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസുകാര്‍ക്ക് നേരെ നടന്ന ഒരു ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഇത്. ഈ ആക്രമണം കരുതിക്കൂട്ടി സംഘടിപ്പിച്ചതാണെന്ന് സദഫ് പറയുന്നു. സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു പൊലീസ് സദഫിനെ കസ്റ്റഡിയിലെടുത്തത്. 

പൊലീസ് കസ്റ്റഡിയിലെ തന്റെ അനുഭവങ്ങള്‍ മനുഷ്യത്വ രഹിതമായിരുന്നുവെന്ന് സദഫ് പറയുന്നു. ''മറ്റ് ജയില്‍ മുറികളില്‍ നിന്നും രാത്രിയില്‍ നിലവിളികള്‍ കേള്‍ക്കാറുണ്ടായിരുന്നു. പല പൊലീസുകാരും എന്നെ പാകിസ്ഥാനി എന്നാണ് വിളിച്ചിരുന്നത്. 'തും ലോഗ്' എന്നായിരുന്നു അവരുടെ അഭിസംബോധന. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിക്കാനും അന്യവല്‍ക്കരിക്കാനുമുള്ള ശ്രമമാണ് മര്‍ദ്ദനത്തേക്കാള്‍ എന്നെ വേദനിപ്പിച്ചത്. പൊലീസുകാരാരും തങ്ങളുടെ ബാഡ്ജുകള്‍ യൂണിഫോമില്‍ ധരിച്ചിരുന്നില്ല.'' സദഫ് പറഞ്ഞു.

''രാത്രി പതിനൊന്ന് മണിയോടെ ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ എന്റെ അരികില്‍ വന്നു. എന്നെ തുടര്‍ച്ചയായി തെറി വിളിച്ചുകൊണ്ടിരുന്നു. ശേഷം മുടിയില്‍ പിടിച്ച് വലിക്കുകയും വയറില്‍ മുട്ടുകാല്‍ കൊണ്ട് ഇടിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ കാലത്തെ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെട്ട ഒരു ജൂത മതക്കാരിയാണെന്ന് ഞാനെന്നാണ് അപ്പോള്‍ തോന്നിയത്.'' സദഫ് പറഞ്ഞു.