• 23 Feb 2020
  • 10: 43 PM
Latest News arrow

കാറില്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയെത്തേടി മകനെത്തി; ഭര്‍ത്താവിനെ പൊലീസ് തിരയുന്നു

ഇടുക്കി: അടിമാലിയില്‍ കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകന്‍ എത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് താന്‍ കാര്യമറിഞ്ഞതെന്ന് കട്ടപ്പന സ്വദേശി മഞ്ജിത്ത് പറഞ്ഞു. 

വയനാട് സ്വദേശി ലൈലാമണിയെയാണ് വഴിയിലുപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോകും വഴി അടിമാലിയില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് മാത്യു ശുചിമുറിയിലേക്ക് പോയെന്നാണ് ലൈലാമണി പറയുന്നത്. പിന്നെ ഇയാള്‍ തിരിച്ചെത്തിയില്ല. വീട്ടമ്മയുടെ ശരീരം പാതി തളര്‍ന്ന നിലയില്‍ ഓട്ടോഡ്രൈവര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ത്തകള്‍ കണ്ട മകന്‍ കട്ടപ്പനയില്‍ നിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തുകയായിരുന്നു.

ലൈലാമണിയെ രണ്ടാമത് വിവാഹം കഴിച്ചയാളാണ് മാത്യു. ഇയാള്‍ രണ്ടാം തവണയാണ് ലൈലാമണിയെ വഴിയിലുപേക്ഷിക്കുന്നതെന്ന് മകന്‍ പറഞ്ഞു. മുമ്പ് തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെച്ചും ഇയാള്‍ ലൈലാമണിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് പൊലീസ് ഇടപെട്ട് ലൈലാമണിയെ വീണ്ടും മാത്യുവിനൊപ്പം അയയ്ക്കുകയായിരുന്നു. 

മാത്യുവിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലൈലാമണിയെ മാത്യു മന:പൂര്‍വ്വം വഴിയിലുപേക്ഷിച്ചത് തന്നെയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അടിമാലി താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ ലൈലാമണിയുള്ളത്.