ദുബായ് പൊലീസിനെയും സുരക്ഷാ സേനയെയും പ്രശംസിച്ച് ശൈഖ് ഹംദാൻ

ദുബായ്: ദുബായ് പോലീസ് അക്കാദമിയുടെ 27-ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് കൊക്കകോള അരീനയിൽ നടന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ചടങ്ങിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹം യു.എ.ഇ.യുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന സേനയുടെയും ദുബായ് പൊലീസിന്റെയും പ്രവർത്തന വിജയത്തിനായി ഇനിയും പ്രാർത്ഥിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. സുരക്ഷാസേനയിലും ദുബായ് പോലീസിലും യു.എ.ഇ. നേതൃത്വവും പൊതുജനങ്ങളും വിശ്വസിക്കുന്നുവെന്നും ദുബായും യുഎഇയും എല്ലാവർക്കും സുരക്ഷിതമായ ഒരു സങ്കേതമായി നിലനിർത്തുന്നതിൽ വിജയിച്ചുവെന്നും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.
ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന വിവിധ പ്രകടനങ്ങൾ നടന്നു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും സി.ഇ.ഒ.യും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം ഉൾപ്പെടെ പോലീസിൽ നിന്നും മറ്റ് വകുപ്പുകളിൽനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.
യു.എ.ഇ. ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ശൈഖ് ഹംദാൻ ഗ്രാജ്വേഷൻ ഓഫീസേഴ്സിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബ്രിഗേഡിയർ ഡോ. ഗെയ്ത്ത് ഗാനിം അൽ സുവൈദി ഗ്രാജ്വേഷൻ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അക്കാദമിക് പ്രോഗ്രാമുകളിലും പരിശീലനത്തിലും ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞവർഷം ആഗോളതലത്തിൽ മികച്ച പ്രവർത്തനമികവിന് ദുബായ് പൊലീസ് അക്കാദമി നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതോടെ ചടങ്ങുകൾ സമാപിച്ചു.
Today I attended the graduation ceremony of the new batch of the Dubai Police Academy. Proud of the great progress the academy has achieved in graduating highly skilled & competitive new cadres. pic.twitter.com/r8cT7H1S8P
— Hamdan bin Mohammed (@HamdanMohammed) January 15, 2020
.@DubaiPoliceHQ and the security forces in the UAE are trusted by our leadership and our people. We pray for their success in keeping Dubai & the UAE a safe and secure haven for everyone. pic.twitter.com/mnEwzrJ0Eu
— Hamdan bin Mohammed (@HamdanMohammed) January 15, 2020