• 04 Oct 2023
  • 06: 16 PM
Latest News arrow

തിരിച്ചുവരവിൽ കരുത്ത് തെളിയിച്ച് സാനിയ; ഹൊബാർട്ട് ഇന്റർനാഷണലിൽ സാനിയ-നാദിയ സഖ്യം ഫൈനലിൽ

ഹൊബാര്‍ട്ട്: നാളുകള്‍ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കരുത്തു തെളിയിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ്  ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ മിർസ -നാദിയ കിച്ചനോക്  സഖ്യം ഫൈനലിൽ  പ്രവേശിച്ചു.

സെമിയില്‍ സ്ലൊവാക്യ-ചെക്ക് കൂട്ടുകെട്ടായ തമാറ സിദാന്‍സിക്ക്-മരിയ ബൗസ്‌ക്കോവ സഖ്യത്തെയാണ് സാനിയ-നാദിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-2. പോരാട്ടം ഒരു മണിക്കുറും 33 മിനിറ്റും നീണ്ടുനിന്നു.

ഉക്രയിനിന്റെ നാദിയ കിച്ചനോക്കിനൊപ്പം റാക്കറ്റേന്തുന്ന സാനിയ, ക്വാര്‍ട്ടറില്‍ അമേരിക്കയുടെ വാനിയ കിങ്-ക്രിസ്റ്റീന മക്‌ഹേല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. സ്‌കോർ: 6-2, 4-6, 10-4. മത്സരം ഒരു മണിക്കൂര്‍ 24 മിനുട്ട് നീണ്ടുനിന്നു.

അമ്മയായതിന് ശേഷം സാനിയ മിർസ കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. 33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് അവസാനമായി കളിച്ചത്. പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷുഹൈബ് മാലിക്കാണ് സാനിയയെ വിവാഹം കഴിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ്  പരിശീലനം പുനരാരംഭിച്ചത്.  

.