• 18 Aug 2022
  • 02: 27 PM
Latest News arrow

''എരിതീയില്‍ എണ്ണയൊഴിക്കരുത്''- സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന സീറോ മലബാര്‍ സഭയുടെ സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത. ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്ന് അതിരൂപതയുടെ മുഖപത്രമായ 'സത്യദീപ'ത്തില്‍ വിമര്‍ശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് പിഒസി ഡയറക്ടര്‍ 'ജന്‍മഭൂമി'യില്‍ എഴുതിയ ലേഖനം ആശങ്കയുണ്ടാക്കുന്നതാണെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ 'സത്യദീപ'ത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

സിനഡിന്റെ സര്‍ക്കുലര്‍ ഒരു മതത്തെ ചെറുതാക്കുന്നതാണ്. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് കെസിബിസി ചെയ്തിട്ടുള്ളതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അവസാനിച്ച സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ സര്‍ക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരിക്കുന്നത്.