• 18 Aug 2022
  • 02: 47 PM
Latest News arrow

സ്കൂൾ ഓഫ് ഡ്രാമയിലെ അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസിന് സമാപനം

തൃശ്ശൂർ: തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്നു ദിവസങ്ങളായി നടന്ന അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസ് സമാപിച്ചു.

അവസാനദിവസം 'അഭിനയപരിശീലനം- രീതികൾ, പാരമ്പര്യം, പ്രയോഗം' എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സാങ്കേതിക വിദ്യകൾ നാടകാവതരണത്തെ നവീനമാക്കി കൊണ്ടിരിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച ഡോ.രാജേഷ് എം.ആർ പറഞ്ഞു. ഷിബു.എസ്.കൊട്ടാരം അദ്ധ്യക്ഷനായിരുന്നു. തുടർന്ന് വിവിധ മാദ്ധ്യമങ്ങളിലും കാലങ്ങളിലും  അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്  പ്രസൂൺ വി.ടിയും, 'അഭിനയ പരിശീലനവും പരിശീലകനും' എന്ന വിഷയത്തിൽ ശരൺ എസ്.എസും , ' അരാജകവാദിയുടെ അപകട മരണം എന്ന നാടകകൃതി  അത്യാധുനിക നാടകവേദിയിൽ ചെലുത്തിയ സ്വാധീനം' എന്ന വിഷയത്തിൽ പാർവ്വതി സുധാകരനും, 'സന്തുലിതാവസ്ഥയും വികാരവും; യക്ഷഗാനമെന്ന നാടൻ കലയിൽ കാലാന്തരപ്പെടുന്ന വ്യത്യാസം' എന്നതിനെക്കുറിച്ച്  എസ്.സന്തോഷ്-ഡോ. ചാൾസ് ഗുഡ്വിൻ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അടുത്ത സെഷനിൽ 'കർണ്ണാടക സംഗീത കച്ചേരിയിൽ വാദ്യങ്ങൾക്കുള്ള സ്ഥാനം' എന്നതിനെക്കുറിച്ച്  അശ്വതി.കെ.ബി. നൃത്താവിഷ്കാരത്തിലൂടെ സോദാഹരണസഹിതം അവതരിപ്പിച്ചു. 'അഭിയത്തിൽ സംസാരഭാഷയ്ക്കുള്ള പ്രസക്തി' എന്ന വിഷയത്തിൽ ഡോ.സുരഭി എം.എസ്, 'നങ്ങ്യാർകൂത്ത്-സ്ഥലം, ദൃശ്യം ,അനുഭൂതി' എന്ന വിഷയത്തിൽ ശാലിനി എം.ജി, 'കേരളത്തിലെ LGBTവിഭാഗങ്ങളിൽ പെർഫോമൻസ് ട്രെയിനിങ്ങിനുള്ള സ്വാധീനം' എന്ന വിഷയത്തിൽ ദേവേന്ദ്രനാഥ് എ.എസ്  എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 'അഭിനേതാവിലും അനഭിനേതാവിലും ധ്യാനം ഒരു പരിശീലന മാധ്യമം' എന്ന വിഷയത്തിൽ വിനോദ് വി.നാരായണൻ  'ദി ബ്ലൈന്റ് പ്രൊഫേത്ത്' എന്ന അവതരണത്തിലൂടെ വിശദമാക്കി. ഷിബു.എസ്.കൊട്ടാരത്തിന്റെ 'നടൻ - ഓടി തളർന്ന ഓട്ടക്കാരൻ' എന്ന  പ്രബന്ധത്തോടെ സമാപിച്ച സെഷനിൽ ഡോ.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

തുടർന്ന്  പ്രൊഫ. രാമാനുജം, വയലാ വാസുദേവൻ പിള്ള എന്നിവരെ അനുസ്മരിച്ച്  ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രൊഫസർ അനന്തകൃഷ്ണനും പത്മശ്രീ ശിവൻ നമ്പൂതിരിയും സംസാരിച്ചു.  അന്താരാഷ്ട്ര നാടക പരിശീലകൻ ഫിലിപ് .ബി. സെർളി മുഖ്യപ്രഭാഷകനായിരുന്നു. 'ആജീവനാന്ത നടന്റ അന്വേഷണവും പഠന പ്രക്രിയയും' എന്ന വിഷയത്തിൽ ഫിലിപ് .ബി. സെർളി സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഡോ.സി.എൽ. ജോഷി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി.  സി.എസ് ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഡ്രാമ ഹെഡ് ശ്രീജിത് രമണൻ സംസാരിച്ചു.

തുടർന്ന് അറക്കൽ നന്ദകുമാറും ഡ്രാമ സ്കൂളിലെ സംഗീത വിദ്യാർത്ഥികളും അവതരിപ്പിച്ച  സംഗീത കച്ചേരിയും വിശ്വനാഥ പുള്ളുവരും സംഘവും അവതരിപ്പിച്ച  തോൽപ്പാവക്കൂത്തും അരങ്ങേറി.