മുഹമ്മദ് അനസിനും പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം; പ്രത്യേക പുരസ്‌കാരം നിരസിച്ച് അപർണ്ണ ബാലൻ

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2018-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി വി രാജ പുരസ്‌കാരത്തിനു അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയും അര്‍ഹരായി. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡൽ നേടിയതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനമാണ് പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസ് വെങ്കല നേട്ടമാണ് വനിതാ വിഭാഗത്തിൽ പിസി തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി പി ഔസേഫിനാണ്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
മികച്ച കായിക അധ്യാപകനുള്ള കോളജ് തലത്തിലെ പുരസ്‌കാരത്തിനു കണ്ണൂര്‍ എസ് എന്‍ കോളജിലെ ഡോ. കെ അജയകുമാര്‍ അര്‍ഹനായി. പാലക്കാട് മാത്തൂര്‍ സിഎഫ്ഡിഎച്ച്എസിലെ കെ സുരേന്ദ്രനാണ് മികച്ച കായിക അധ്യാപകനായി സ്‌കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച കായികനേട്ടം കൈവരിച്ച കോളജിനുള്ള പുരസ്‌കാരം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിനും സ്‌കൂളിനുള്ള പുരസ്‌കാരം പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിനുമാണ്.
മികച്ച സ്‌പോര്‍ട്‌സ് പുസ്തകം ബി ടി സിജിന്‍, ഡോ. ആര്‍ ഇന്ദുലേഖ എന്നിവര്‍ രചിച്ച 'ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറി'യാണ്. മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ ദേശാഭിമാനിയിലെ ജഗത്‌ലാലാണ്. ദൃശ്യമാദ്ധ്യമ വിഭാഗത്തിലെ മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ഏഷ്യാനെറ്റിലെ ജോബി ജോര്‍ജും അച്ചടി മാദ്ധ്യമ വിഭാഗത്തിലെ മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ദീപികയിലെ തോമസ് വര്‍ഗീസും നേടി. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍.
പ്രത്യേക പുരസ്‌കാരത്തിനു ബാഡ്മിന്റണ്‍താരം അപര്‍ണ ബാലന്‍, എസ് എച്ച് കോളജിലെ കായികാധ്യാപകന്‍ ഡോ. കെ എ രാജു, എം എ ജാഫര്‍ ഖാന്‍, ദീപക് ധര്‍മ്മടം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
അതെ സമയം, തനിക്കു ലഭിച്ച പ്രത്യേക പുരസ്‌കാരം നിരസിക്കുകയാണെന്ന് ബാഡ്മിന്റണ്‍താരം അപര്‍ണ ബാലന്‍ പ്രതികരിച്ചു. പ്രത്യേക പുരസ്‌കാരം നൽകി സ്പോർട്സ് കൗൺസിൽ തന്നെ അപമാനിച്ചെന്നും തന്റെ നേട്ടങ്ങളെ വിലകുറച്ചു കണ്ടുവെന്നും അപർണ ബാലൻ പറഞ്ഞു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതെന്നും അപർണ്ണ ബാലൻ ആരോപിച്ചു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ