• 02 Jun 2020
  • 04: 43 PM
Latest News arrow

ട്വിങ്കിൾ ഖന്നയ്ക്കും മാധുരി വിജയിനും ക്രോസ്‌വേഡ്‌ ബുക്ക് പുരസ്‌കാരം; എൻ.പ്രഭാകരനും ജയശ്രീ കളത്തിലിനും വിവർത്തന കൃതിക്കുള്ള അവാർഡ്

ന്യൂദൽഹി: ബുക്കര്‍ പുരസ്‌കാരം, പുലിറ്റ്‌സര്‍ പുരസ്‌കാരം, കോമണ്‍വെല്‍ത്ത് സാഹിത്യ പുരസ്‌കാരം എന്നിവയെ അനുകരിച്ച് 1998-ല്‍ ഇന്ത്യയില്‍ ആരംഭിച്ച ക്രോസ്‌വേഡ്‌ ബുക്ക് പുരസ്‌കാരത്തിന്റെ 17-ാംപതിപ്പ്  പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഇന്ത്യന്‍ എഴുത്തുകാരെ തിരഞ്ഞെടുക്കുന്ന പുരസ്‌കാരത്തിന്റെ സമ്മാനത്തുക മൂന്നുലക്ഷം രൂപയാണ്.

നടിയും രചയിതാവുമായ ട്വിങ്കിൾ ഖന്ന രചിച്ച  'പൈജാമസ് ആർ ഫോർഗിവിങ് ('Pyjamas are Forgiving') കഴിഞ്ഞ വർഷത്തെ ജനപ്രിയ ഫിക്ഷനുള്ള  ക്രോസ്‌വേഡ്‌ ബുക്ക് അവാർഡ് നേടി. ഫിക്ഷനുള്ള  ക്രോസ്‌വേഡ്‌ പുരസ്‌കാരം മാധുരി വിജയ് എഴുതിയ 'ദ ഫാർ ഫീൽഡ്' ( 'The Far Field') നേടി. ഈ പുസ്തകം 2019-ലെ സാഹിത്യത്തിനുള്ള ജെസിബി സമ്മാനവും നേടിയിരുന്നു. ബംഗളൂരുവില്‍ ജനിച്ച മുപ്പത്തിരണ്ടുകാരിയായ മാധുരി യു.എസിലാണ് സ്ഥിരതാമസം.

വിവർത്തന വിഭാഗത്തിലെ അവാർഡ് എന്‍. പ്രഭാകരന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ്. ജയശ്രീ കളത്തിലാണ്   'Diary of a Malayali Madman' എന്ന പേരിൽ ഇത് വിവർത്തനം ചെയ്തത്.

ജനപ്രിയ ജീവചരിത്രത്തിനുള്ള  അവാർഡ് കൃഷ്ണ ത്രിലോക് രചിച്ച  സംഗീതജ്ഞനായ എ.ആർ റഹ്മാന്റെ   ജീവചരിത്രമായ 'നോട്ട്സ് ഓഫ് എ ഡ്രീം' ('Notes of a Dream') നേടി.  

നോൺ-ഫിക്ഷൻ വിഭാഗത്തിലെ ജൂറി അവാർഡ് ശാന്ത ഗോഖലെ എഴുതിയ 'വൺ ഫുട്ട് ഓൺ ദി ഗ്രൗണ്ട്: എ ലൈഫ് ടോൾഡ് ത്രൂ ദി ബോഡി' ( 'One Foot on the Ground: A Life Told Through the Body') എന്ന പുസ്തകത്തിന് ലഭിച്ചു. ജനപ്രിയ നോൺ-ഫിക്ഷൻ അവാർഡ് ഗൗർ ഗോപാലദാസ് എഴുതിയ 'ലൈഫ്സ് അമേസിംഗ് സീക്രട്ട്സ്: ഹൌ ടു ഫൈൻഡ് ബാലൻസ് ആൻഡ് പർപ്പസ്' ( 'Life's Amazing Secrets: How to Find Balance and Purpose') എന്ന പുസ്തകത്തിനാണ്.  

കുട്ടികളുടെ സാഹിത്യവിഭാഗത്തിലെ അവാർഡ് എഴുത്തുകാരൻ റിച്ചാ ജാ, ചിത്രകാരൻ സുമന്ത ഡേ  എന്നിവരുടെ 'മാച്ചർ ജോൾ: ഫിഷ് കറി' ( 'Machher Jhol: Fish Curry') ക്ക് ലഭിച്ചു.

കുട്ടികളുടെ വിഭാഗത്തിൽ സുധാ മൂർത്തിയുടെ  'ദ അപ്‌സൈഡ്-ഡൌൺ കിംഗ്: അൺയൂഷ്വൽ ടെയ്ൽസ് എബൌട്ട്  രാമ ആൻഡ് കൃഷ്ണ' ('The Upside-Down King: Unusual Tales about Rama and Krishna') നേടി.

ഹെൽത്ത് ആൻഡ് ഫിറ്റ്നസ് വിഭാഗത്തിൽ, ഡോ. ജയശ്രീ ശരദ് എഴുതിയ 'സ്കിൻ റൂൾസ്: യുവർ 6 വീക്ക് പ്ലാൻ ടു റേഡിയൻറ് സ്കിൻ' ( 'Skin Rules: Your 6-week Plan to Radiant Skin') എന്ന പുസ്തകത്തിന് ലഭിച്ചു. ബിസിനസ്, മാനേജ്മെന്റ് വിഭാഗത്തിൽ അഞ്ജു ശർമ ഐ.എ.എസിന്റെ 'കോർപ്പറേറ്റ് മങ്ക്,എ ജേർണി ഫ്രം വെൽത്ത് ടു വിസ്‌ഡം' ('Corporate Monk, A Journey From Wealth To Wisdom') എന്ന പുസ്തകത്തിനാണ് അവാർഡ്.

എഴുത്തുകാരൻ ജാനീസ് പരിയറ്റ്, സാഹിത്യ നിരൂപകൻ സോമാക് ഘോഷാൽ, കൾച്ചർ എഡിറ്റർ വിവേക് ​​തെജുജ, എഴുത്തുകാരനും ബ്ലോഗറുമായ മീനാക്ഷി റെഡ്ഡി മാധവൻ, മൂർത്തി ക്ലാസിക്കൽ ലൈബ്രറി സ്ഥാപകൻ രോഹൻ നാരായണ മൂർത്തി എന്നിവരടങ്ങുന്ന പന്ത്രണ്ട് അംഗങ്ങളുള്ള  ക്രോസ്‌വേഡ്‌ പുരസ്‌കാര ജൂറിയാണ്   വിജയികളെ തിരഞ്ഞെടുത്തത്. 
 

Editors Choice