• 05 Jul 2020
  • 01: 28 PM
Latest News arrow

മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി; വൻ ഭക്തജനത്തിരക്ക്

സന്നിധാനം: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. നാളെ പുലർച്ചെ 2.09 നു സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു മാറുന്നതാണു മകര സംക്രമം. ഈ സമയത്ത് മകര സംക്രമ പൂജയും അഭിഷേകവുമാണ് ശബരിമലയിലെ പ്രധാന ചടങ്ങ്. നാളെ (ബുധനാഴ്ച) വെളുപ്പിന് 2.09 നാണ് മകരസംക്രമ പൂജ. തുടർന്ന് കവടിയാർ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്ന നെയ്യ് ഉപയോഗിച്ച് സംക്രമാഭിഷേകം. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് മുപ്പതിന് നട അടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ മകര നക്ഷത്രം കിഴക്കൻ ചക്രവാളത്തിൽ ഉദിക്കും.

ക്ഷേത്രത്തിന്റെ നേരെ കിഴക്കാണ് പൊന്നമ്പലമേട്. ശബരിമലയുടെ മൂലസ്ഥാനം ആണ്  ഇതെന്ന്  ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നു. പണ്ട്  ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവത്രെ. ഇപ്പോൾ ഒരു തറ മാത്രമാണ് ഉള്ളത്. അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിലുള്ള തറയിലും മൂന്നു തവണ കർപ്പൂര ആരതി ഉഴിയും.

മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് ശബരിമല നട അടക്കില്ല.

അതേസമയം, ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും മകരവിളക്ക് ദർശിക്കാൻ കഴിയുന്ന.സ്ഥലങ്ങൾ തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീർത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല.

തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല.

ബുധനാഴ്ച  വാഹന നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

Editors Choice