• 19 Jan 2020
  • 10: 00 PM
Latest News arrow

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെ മുമ്പില്‍ വെച്ച് കുട്ടിയ്ക്ക് പിതാവിന്റെ മര്‍ദ്ദനം; വീഡിയോ വൈറല്‍

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെ മുമ്പില്‍ വെച്ച് പിതാവ് കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു. ആലപ്പുഴ ജില്ലയിലെ മേഴ്‌സി സ്‌കൂളില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് ഏറെ നേരം കയര്‍ത്ത ശേഷമാണ് പിതാവ് കുട്ടിയെ തല്ലിയത്. അധ്യാപികയോട് പിതാവ് രോഷാകുലനായി സംസാരിക്കുന്നതും അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ അധ്യാപിക കിണഞ്ഞ് പരിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

'' ഫീസ് കൊടുത്ത് കൊടുത്ത് പഠിപ്പിക്കുന്നതാണ്, പ്രിന്‍സിപ്പാളിനെ വിളി'' എന്നൊക്കെയാണ് രക്ഷിതാവ് ആക്രോശിക്കുന്നത്. ഇതെല്ലാം കേട്ട് പേടിച്ച് നില്‍ക്കുന്ന കുട്ടിയെ അധ്യാപിക ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പിതാവ് കുട്ടിയുടെ തലയ്ക്ക് തല്ലിയത്. ഇത് കണ്ട് ഞെട്ടിയ അധ്യാപിക, പിതാവിന്റെ ഈ പെരുമാറ്റത്തിന് താന്‍ പരാതി കൊടുക്കുമെന്ന് വരെ പറയുന്നു. ശേഷം വീഡിയോ എടുക്കുന്ന കാര്യം അധ്യാപിക ശ്രദ്ധിക്കുകയും ഇക്കാര്യം തിരക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട പിതാവ്  വീഡിയോ എടുത്തയാളുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നത് വരെയാണ് ദൃശ്യത്തിലുള്ളത്.