• 04 Jul 2020
  • 04: 45 PM
Latest News arrow

നിർഭയ കേസ്: പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.

ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജനുവരി 22-ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്ന് ജനുവരി ഏഴിന് ദൽഹി പട്യാല ഹൌസ് കോടതി  മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

മുകേഷ് സിങ്ങ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിങ്ങ് താക്കൂർ (31) എന്നീ പ്രതികളെ ജനുവരി 22-ന് രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറണ്ട്. വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കുന്നത്.

പ്രതി അക്ഷയ്കുമാര്‍ സിങ്ങ് താക്കൂർ നേരത്തെ  നൽകിയ പുനഃപരിശോധനാ ഹര്‍ജിയും  ഡിസംബർ 18-ന് സുപ്രീംകോടതി തള്ളിയിരുന്നു. . ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് നേരത്തെ ദൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് പുനഃപരിശോധനാ ഹർജി തള്ളിയത്.

2012 ഡിസംബര്‍ 16-ന് രാത്രി ദല്‍ഹിയില്‍ ഓടുന്ന ബസ്സില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗംചെയ്ത് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ആറ് പേരായിരുന്നു 'നിർഭയ'ക്കേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാംസിങ്ങ്  ജയിലിൽ തന്നെ തൂങ്ങിമരിച്ചു.

ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Editors Choice