• 19 Jan 2020
  • 10: 27 PM
Latest News arrow

കെപിസിസി പുനഃസംഘടന: ജംബോ പട്ടിക ചുരുക്കി; കേരള നേതാക്കൾ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദൽഹി: കെപിസിസി പുനഃസംഘടനാ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ നല്‍കുന്നതിന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കള്‍ ദല്‍ഹിയില്‍ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരാണ്  സോണിയയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

നേരത്തെ കെപിസിസി നൽകിയ ജംബോ പട്ടിക ഹൈക്കമാൻ‍ഡ് മടക്കിയ പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ചുരുക്ക പട്ടികയിൽ ധാരണയായ ശേഷമാണ് നേതാക്കൾ സോണിയയെ കണ്ടതെന്നാണ് സൂചന. നൂറിലേറെ പേരുണ്ടായിരുന്ന ആദ്യ പട്ടിക 25 ആക്കി ചുരുക്കിയെന്നാണ് അറിയുന്നത്. പട്ടികയിൽനിന്ന് ജനപ്രതിനിധികളെ ഒഴിവാക്കുമെന്നാണ് അറിയുന്നത്. എന്നാൽ, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. ഇരുവരുടെയും കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ‌യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും ചർച്ച ചെയ്തു.

തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

സോണിയാ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ പട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.