• 04 Jul 2020
  • 05: 14 PM
Latest News arrow

പിടിയിലായ ഡിഎസ്പി അതീവ സുരക്ഷാമേഖലയിലെ വീട്ടിൽ ഭീകരരെ താമസിപ്പിച്ചതായി വെളിപ്പെടുത്തൽ

ന്യൂദൽഹി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിംഗ് ഭീകരരെ സ്വന്തം വീട്ടിൽ പാർപ്പിച്ചിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഡിഎസ്പി ദേവീന്ദർ സിംഗ് ശനിയാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച ഷോപ്പിയാനിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെ 15 കോർപ്പ്സ് ആസ്ഥാനത്തിന് സമീപത്തുള്ള വീട്ടിലെത്തിച്ച ഭീകരരെ വീട്ടിൽ താമസിപ്പിച്ച ശേഷം ശനിയാഴ്ച രക്ഷപ്പെടാൻ സഹായിക്കുമ്പോഴാണ് ദേവീന്ദർ  സിംഗ് പിടിയിലാകുന്നത്. ഹിസ്ബുൾ കമാൻഡർ നവീദ് ബാബു, റാഫി, ഇർഫാൻ എന്നീ ഭീകരരാണ് സിംഗിനൊപ്പം ശനിയാഴ്ച പിടിയിലായത്. 20 ലക്ഷം തലക്ക് വിലയിട്ടിട്ടുള്ള ഹിസ്ബുൾ ഭീകരനാണ് നവീദ്. അറസ്റ്റിലായ ഇർഫാൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ അഞ്ച് തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു

സിംഗിന്റെ വീട്ടിൽ  ഒരു ദിവസം മുഴുവൻ താമസിച്ച്,  ശനിയാഴ്ച  വീട്ടിൽ നിന്നിറങ്ങിയ മൂന്ന് ഹിസ്ബുൾ ഭീകരരും ദില്ലിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ശ്രീനഗറിലെ അതീവ സുരക്ഷയുള്ള ബദാമി ബാഗ് കന്റോൺമെന്റിലാണ് ദേവീന്ദർ സിംഗിന്റെ വീട്.

വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ ദേവീന്ദർ സിംഗിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച  ദേവീന്ദർ  സിംഗ് മൂന്ന് ഭീകരരെ വീട്ടിലെത്തിച്ചത് പൊലീസുകാർ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയ സിംഗും സംഘവും ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ടതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരെത്തി കാർ തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

കശ്മീർ താഴ്വരയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സാന്നിധ്യം വർധിച്ചതോടെ ഭീകരർക്ക് താമസിക്കാൻ അഞ്ച് തവണ സിംഗ് സ്ഥലമൊരുക്കി നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് ശേഷം സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റളുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

ആറ് മാസം മുമ്പ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ  ദേവീന്ദർ  സിംഗാണ് നവീദിനെ പലയിടങ്ങളിലും എത്തിച്ചിട്ടുള്ളതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജമ്മുവിലേക്ക് നവീദിനെ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സിംഗ് ഭീകരരെപ്പോലെ പെരുമാറിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

പാർലമെന്റ് ആക്രമണ കേസിലെ കുറ്റവാളിയായിരുന്ന അഫ്സൽ ഗുരുവിനെ ദില്ലിയിലേക്ക് അയയ്ക്കുകയും പാർലമെന്റ് ആക്രമണ കേസിലെ പ്രതികൾക്ക് പിന്തുണ നൽകുകയും ചെയ്ത സംഭവത്തിൽ സിംഗ് നേരത്തെ സംശയത്തിന്റെ നിഴലിലായിരുന്നു. അഫ്സൽ ഗുരുവും തനിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സഹായം ലഭിച്ചതായി വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

അതിനിടെ, ദേവീന്ദർ സിങ്ങിന് ലഭിച്ച  പ്രസിഡന്റിന്റെ  ഗാലന്ററി മെഡൽ തിരിച്ചെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. 

.

Editors Choice