• 04 Jul 2020
  • 05: 12 PM
Latest News arrow

ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടാക്‌സി സര്‍വ്വീസുമായി ബോബി ചെമ്മണ്ണൂര്‍; കൊച്ചി-തേക്കടി യാത്രയ്ക്ക് 45 മിനിറ്റ് മാത്രം

കൊച്ചി: സംസ്ഥാനത്തിനകത്തും പുറത്തുമുളള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. 250 കോടി രൂപ ചെലവ് വരുന്ന ബോബി ഹെലി ടാക്‌സി സര്‍വ്വീസ് പദ്ധതിയുടെ ഉദ്ഘാടനം ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 

കൊച്ചിയില്‍ നിന്നും തേക്കടിയിലേക്കുമുള്ള സര്‍വ്വീസോടെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങുന്നത്. ഹെലികോപ്റ്ററില്‍ തേക്കടിയിലേക്കെത്താന്‍ 45 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. ഇതിനായി ഈടാക്കുന്ന നിരക്ക് നികുതികള്‍ക്ക് പുറമേ 13,000 രൂപയായിരിക്കും. പാട്ടത്തിനെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് തുടക്കം. അടുത്ത ഘട്ടങ്ങളിലായി മൂന്നാര്‍, വയനാട്, ബേക്കല്‍ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും സര്‍വ്വീസ് ആരംഭിക്കും. 

പൈലറ്റിനെ കൂടാതെ 5 മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിയ്ക്കും ഹെലി ടാക്‌സിയില്‍ യാത്ര ചെയ്യാം. ഹോട്ടലുകളുമായും ട്രാവല്‍ ഏജന്‍സികളുമായും സഹകരിച്ച് ഓണ്‍ലൈന്‍ ബുക്കിങ് ആണ് ഏര്‍പ്പെടുത്തുക. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 250 കോടി രൂപ പദ്ധതിയ്ക്കായി ചെലവിടാനാണ് തീരുമാനമെന്ന് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി പറഞ്ഞു. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളിലെ അതിഥികള്‍ക്കും ഹെലി ടാക്‌സി സേവനം ലഭ്യമാക്കും. വളരെ പെട്ടെന്ന് എവിടെയും എത്താന്‍ കഴിയുമെന്നതിനാല്‍ ഹെലി ടാക്‌സികള്‍ക്ക് സാധ്യതയേറെയാണെന്ന് സര്‍വ്വീസ് ഓപ്പറേറ്ററായ എന്‍ഹാന്‍സ് ഏവിയേഷന്‍ പ്രതിനിധി ജോണ്‍ തോമസും പറഞ്ഞു.

 

Editors Choice