• 01 Oct 2023
  • 08: 53 AM
Latest News arrow

ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പി.ടി ഉമ്മര്‍കോയ അന്തരിച്ചു

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി പി.ടി ഉമ്മര്‍കോയ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പന്നിയങ്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

ഇന്ത്യന്‍ ചെസ്സിന്റെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഉമ്മര്‍ കോയ. ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും ഉമ്മര്‍കോയ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍, കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍, ഫിഡെ യൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വവും വഹിച്ചിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെ കാലം ചെസ് രംഗത്ത് സജീവമായിരുന്ന ഉമ്മര്‍കോയ 1994-ല്‍ മോസ്‌കോയിലും 1996-ല്‍ അര്‍മേനിയയുടെ തലസ്ഥാനമായ യേരാവാനിലും നടന്ന ചെസ് ചെസ് ഒളിമ്പ്യാഡുകളില്‍ സീനിയര്‍ ആര്‍ബിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1994-ല്‍ കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായും ഏഷ്യന്‍ സോണല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലു തവണ അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് രാത്രി ഒമ്പതിന് പന്നിയങ്കര പള്ളിയില്‍ നടക്കുന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷം കണ്ണംപറമ്പില്‍ കബറടക്കും.