• 08 Jul 2020
  • 01: 40 PM
Latest News arrow

ഉറൂബിന്റെ രാച്ചിയമ്മയായി പാര്‍വ്വതി

മലയാള ചെറുകഥാ സാഹിത്യത്തിന്റെ ഔന്നത്യത്തിലേക്ക് എടുത്തുവെയ്ക്കപ്പെടുന്ന ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ വെള്ളിത്തിരയിലേക്കെത്തുന്നു. വിവിധ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു സിനിമയായെത്തുന്ന രാച്ചിയമ്മയില്‍ പ്രധാനകഥാപാത്രമാകുന്നത് പാര്‍വ്വതി തെരുവോത്താണ്. . മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ. സ്ത്രീമനസ്സിനെ ആഴത്തില്‍ പരിശോധിക്കുന്ന ഉറൂബിന്റെ രാച്ചിയമ്മ കാലത്തെ അതിജീവിച്ച കഥ കൂടിയാണ്. ഈ കഥയിലെ വിഖ്യാതകഥാപാത്രമായ രാച്ചിയമ്മയായാണ് പാര്‍വ്വതി തെരുവോത്ത് വേഷപ്പകര്‍ച്ച നടത്തുന്നത്. 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത പാര്‍വ്വതിയുടെ ഉയരെയ്ക്ക് ശേഷമുള്ള നിര്‍ണായക കഥാപാത്രമാകും രാച്ചിയമ്മ. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

സിനിമാ സമാഹാരത്തിലെ മറ്റ് ലഘു സിനിമകള്‍ സംവിധാനം ചെയ്യുന്നത് രാജീവ് രവി, ആഷിഖ് അബു, ജയ് കെ എന്നിവരാണ്. നാല് സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണ്. ഉണ്ണി ആറിന്റെ പെണ്ണും ചെറുക്കനും എന്ന കഥ അതേ പേരില്‍ ചലച്ചിത്രമാക്കുകയാണ് ആഷിഖ് അബു. റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്.

എസ്രയുടെ സംവിധായകന്‍ ജയ് കെ ഒരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംയുക്ത മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പതുകളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

Editors Choice