• 20 Jan 2021
  • 06: 32 AM
Latest News arrow

പഞ്ചുള്ള അഞ്ചാം പാതിര

ഒരു തുടര്‍ കൊലപാതകത്തിന്റെ കഥയാണ് അഞ്ചാം പാതിര എന്ന സിനിമ പറയുന്നത്. തുടര്‍ കൊലപാതകങ്ങള്‍ കാണിക്കുന്ന സിനിമയാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്ന ഒരു ഫോര്‍മാറ്റുണ്ട്. അത് തന്നെയാണ് അഞ്ചാം പാതിരയിലും ഉപയോഗിച്ചിരിക്കുന്നത്. രാക്ഷസന്‍, മെമ്മറീസ്, ഗ്രാന്‍ഡ്മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെയും മറ്റും കണ്ട് പരിചരിച്ച ഫോര്‍മാറ്റ്. അഞ്ചാം പാതിരയുടെ ആദ്യ പതിനഞ്ച് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈ സിനിമകളുമായുള്ള സാമ്യം മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍ ഫോര്‍മാറ്റില്‍ ക്ലീഷേ ഉണ്ടെങ്കില്‍പ്പോലും സിനിമ ആദ്യാവസാനം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മിഥുന്‍ മാനുവല്‍ തോമസ് അഞ്ചാം പാതിര ഒരുക്കിയിരിക്കുന്നത്. 

ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അന്‍വര്‍ ഹുസൈന്‍ കുറ്റവാളികള്‍ക്ക് കൗണ്‍സിലിങ് കൊടുക്കുന്ന സൈക്കോളജിസ്റ്റ് കൂടിയാണ്. കൊച്ചി പൊലീസ് പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അനില്‍ മാധവനുമായുള്ള സൗഹൃദം പൊലീസ് അന്വേഷിക്കുന്ന പല കേസുകളിലും ഇടപെടാന്‍ അന്‍വറിന് സഹായകരമാകുന്നു. ഇത്തരം കേസുകള്‍ പിഎച്ച്ഡി എടുക്കുന്നതിനുള്ള തീസിസ് തയ്യാറാക്കാന്‍ അന്‍വര്‍ ഉപയോഗിക്കുന്നുമുണ്ട്. ഇങ്ങിനെയിരിക്കെ ഡിവൈഎസ്പി എബ്രഹാം കോശി ഒരു പാതിരായ്ക്ക് കിഡ്‌നാപ്പ് ചെയ്യപ്പെടുകയും അടുത്ത ദിവസം അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയും ചെയ്യുന്നു. ഈ കേസ് അന്വേഷണവും പിന്നീട് സമാന രീതിയിലുള്ള കൊലപാതകങ്ങളുമൊക്കെയായി സിനിമ ആവേശഭരിതമാവുകയാണ്. 

ചിത്രത്തിന്റെ കഥാ ചട്ടക്കൂട് നേരത്തെ തന്നെ വ്യക്തമാകുന്നതിനാല്‍ ആ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയ കഥയും അവ എങ്ങിനെ ഉള്‍പ്പെടുത്തിയെന്നതുമാണ് ശ്രദ്ധ നേടുന്നത്. പഴുതുകള്‍ അടച്ചുള്ള തിരക്കഥ ഇവിടെ സിനിമയുടെ നട്ടെല്ലാകുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍. കൊലപാതകിയെ കണ്ടെത്താനുള്ള ഓരോ നീക്കങ്ങളും ചെന്നവസാനിക്കുന്നത് ഡെഡ് എന്‍ഡില്‍. അവിടെ നിന്നും ബുദ്ധികൂര്‍മ്മതയോടെ, കൃത്യമായ വിശകലനങ്ങളിലൂടെ സാങ്കേതിക വിദ്യയിലൂടെ എങ്ങിനെ കൊലപാതകിയിലേക്കെത്തുന്നു എന്നതാണ് അഞ്ചാം പാതിര പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന കാഴ്ച. ആ കാഴ്ച തികച്ചും ആകാംക്ഷഭരിതമായിരുന്നു. 

ഒരു പുതുമയുള്ള കഥ ആഗ്രഹിച്ചുപോകുന്നവരെ അഞ്ചാം പാതിര നിരാശരാക്കുന്നുണ്ട്. കാരണം നേരത്തെ പറഞ്ഞ കഥാചട്ടക്കൂട് പറഞ്ഞുപഴകിയതാണ്. സീരിയല്‍ കില്ലിങിന്റെ സ്ഥിരം പാറ്റേണ്‍ ആയ നാലഞ്ചു പേരെ കൊന്നതിന് ശേഷം കുറ്റവാളിയിലേക്കു എത്തുന്നത്, രാക്ഷസനില്‍ കണ്ട പോലെ തട്ടിക്കൊണ്ട് പോകലും തുടര്‍ന്ന് അവയവങ്ങള്‍ ചൂഴ്ന്ന് എടുത്തു കൊണ്ടുള്ള കൊലപാതകങ്ങളും, കൊലപാതകി ക്രൈം സീനില്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങളും വസ്തുക്കളും, അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന കൊലപാതകി, ഇതിലൂടെ അയാള്‍ക്ക് കിട്ടുന്ന ലഹരി, അവസാന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്, കൃത്യമായ നിഗമനങ്ങളിലേക്ക് എത്തുന്നയാളുടെ വാക്കുകള്‍ കേള്‍ക്കാത്ത മേലുദ്യോഗസ്ഥര്‍, അവസാനം അയാള്‍ തന്നെ കൊലപാതകിയെ പിടികൂടാന്‍ മുന്നിട്ടിറങ്ങുന്നത്, സീരിയല്‍ കില്ലറിനു പിറകിലുള്ള വികാരനിര്‍ഭരവും ഗൗരവമേറിയതുമായ കഥ എന്നിങ്ങനെ സ്ഥിരം കണ്ട് പരിചയിച്ച നിരവധി കാര്യങ്ങള്‍ സിനിമയിലുണ്ട്. എന്നിട്ട് പോലും അവയൊക്കെ രസച്ചരട് മുറിയാതെ കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചുവെന്നതിന് സംവിധായകന്‍ കയ്യടി നേടുന്നു.

അതായത് മെയ്ക്കിങ്ങിലാണ് അഞ്ചാം പാതിര മികച്ച് നിന്നത്. അതിന് സഹായിച്ചതോ കെട്ടുറപ്പുള്ള തിരക്കഥയും. പാതിരയ്ക്ക്, വിജനമായ വഴികളില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകലുകള്‍, ചെന്നായ്ത്തല, ഡാര്‍ക്ക് തീം കളര്‍, നിയോണ്‍ ലാമ്പുകളുടെ വെളിച്ചം, ഉള്ളില്‍ ചുമന്ന വെളിച്ചം തെളിച്ച വാന്‍,  കൊലപാതകിയെ കണ്ടെത്താന്‍ കമ്മിഷണര്‍ പ്രയോഗിക്കുന്ന ഒരു തന്ത്രം.... എന്നിങ്ങനെ പ്രേക്ഷകരില്‍ ഭീതിയുടെ നിഴലാട്ടം പ്രതിഫലിപ്പിക്കാനുള്ള വക സിനിമ കരുതി വെയ്ക്കുന്നു. ഹാക്കിങ്ങിന്റെ സാധ്യതകള്‍ ഞെട്ടലോടെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസിയുടെ ഹാക്കര്‍ കഥാപാത്രം പ്രേക്ഷകന് ചിരിക്കാനുള്ള വകയും നല്‍കുന്നുണ്ട്. 

സിനിമയില്‍ അല്‍പ്പം സംശയം ജനിപ്പിച്ച ഒരു രംഗം സുധാകര്‍ ദേവലോകത്തിന്റെയും അദ്ദേഹത്തിന്റെ മകളുടെയുമാണ്. മകള്‍ പൊലീസിനെ വിവരമറിയിക്കാന്‍ എത്തിയെന്ന് അറിഞ്ഞിട്ടും കൊലപാതകി അവളെ വെറുതെ വിടുന്നു. അതേസമയം തന്നെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിക്കാതിരിക്കാന്‍ സുധാകര്‍ ദേവലോകത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് മകളെ വെറുതെ വിട്ടത്?.... അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെക്കുറിച്ചുള്ള വിവരം തേടി സുധാകറിന്റെ അടുത്ത് എത്തിയെന്നും അദ്ദേഹവും മകളും ഉദ്യേഗസ്ഥരോട് സംസാരിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരുപടി മുമ്പേ സഞ്ചരിക്കുന്ന കൊലപാതകി മനസ്സിലാക്കിയിട്ടും യാതൊരു മുന്‍കരുതലുമില്ലാതെ അയാള്‍ വീണ്ടും സുധാകറിന്റെ അടുത്തെത്തുന്നുണ്ട്. ഈ മുന്‍കരുതലില്ലായ്മാണ് അന്വേഷണ ഉദ്യേഗസ്ഥരെ കൊലപാതകിയിലേക്കെത്തിക്കുന്നതും. പൊലീസിന് ഒരു സൂചന പോലും നല്‍കാതെ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നേറിയ കൊലപാതകി എന്തുകൊണ്ട് ഇങ്ങിനെയൊരു പിഴവ് കാണിച്ചു? അതിനെ ഒരു പിഴവായിട്ട് സിനിമ അവതരിപ്പിക്കുന്നില്ല എന്നതുകൊണ്ടാണ് ഈ രംഗങ്ങള്‍ തൃപ്തിപ്പെടുത്താതെ പോയത്. 

കഥാപാത്രങ്ങളുടെ അവതരണത്തിലും തിരഞ്ഞെടുപ്പിലും ചിത്രം മുന്നിട്ടു നില്‍ക്കുന്നു. ഇന്ദ്രന്‍സിന്റെ അഭിനയം ആദ്യമേ തന്നെ ഇഷ്ടം പിടിച്ചു പറ്റും. അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ വല്ലാത്ത വികാരമാണ് നമ്മില്‍ ഉണ്ടാക്കുക. കുറഞ്ഞ സമയം മാത്രമേയുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ഭാവപ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. കയ്യടക്കത്തോടെയുള്ള അഭിനയമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചത്. കമ്മീഷണര്‍ കാതറിനായി അഭിനയിച്ച ഉണ്ണിമായയുടെ പ്രകടനവും ശക്തമായിരുന്നു. കേസിന്റെ ഓരോ ഘട്ടത്തിലും പ്രതിസന്ധിയിലും  അന്വേഷണത്തിന് ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥയുടെ സംഘര്‍ഷങ്ങളെ കൃത്യമായി അവതരിപ്പിക്കാന്‍ ഉണ്ണിമായക്ക് കഴിഞ്ഞു. ചിത്രത്തില്‍ ഓരോ രംഗങ്ങളിലുമായെത്തുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്കെല്ലാം തങ്ങളുടെ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിക്കുന്ന രീതിയിലായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. 

ചിത്രത്തില്‍ പാട്ടുകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പശ്ചാത്തല സംഗീതം സിനിമയെ ചടുലമാക്കി. ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങിയ സാങ്കേതിക വശങ്ങളിലും തെറ്റു പറയാനൊന്നും ഉള്ളതായി തോന്നിയില്ല. 

തമാശയുടെ ട്രാക്കിലൂടെ സിനിമയൊരുക്കി കയ്യടി നേടിയ മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ക്രൈം സസ്‌പെന്‍സ് ത്രില്ലറാണ് അഞ്ചാം പാതിര. അദ്ദേഹത്തിന്റെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ആടിന് ശേഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാനുള്ള കരുത്ത് അഞ്ചാം പാതിരയ്ക്കുണ്ടെന്ന് നിസ്സംശയം പറയാം.