കൂടത്തായി ദൃശ്യാവിഷ്കാരം: ആന്റണി പെരുമ്പാവൂര്‍, ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി എന്നിവർക്ക് കോടതി നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സിനിമകളും സീരിയലും ഒരുക്കുന്നവർക്കെതിരെ കോടതി നോട്ടീസ് അയച്ചു. താമരശ്ശേരി മുന്‍സിഫ് കോടതിയാണ് കൂടത്തായി കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കളോട് ജനുവരി 13-ന് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്കിയ പരാതിയിലാണ് കോടതിയുടെ നടപടി. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി എന്നീ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
സിനിമാ-സീരിയില്‍ നിര്‍മ്മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം. മുഹമ്മദ് ഫിര്‍ദൗസ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. "ജോളിയുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോവുകയാണ്. പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തില്‍ സംഭവത്തെ ആസ്പദമാക്കി കച്ചവടതാല്പര്യങ്ങളോടെ നിര്‍മ്മിക്കുന്ന സിനിമയും സീരിയലും പുറത്തുവരുന്നത് അവരുടെ ഭാവിക്ക് ദോഷം ചെയ്യും."- മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു.
കൂടത്തായി കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഡിനി ഡാനിയേൽ എന്ന നടിയും ഈ സംഭവം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന് അവകാശപ്പെട്ട് എത്തി.
ഫ്ളവേഴ്സ് ടിവിയും നടി മുക്ത അഭിനയിക്കുന്ന 'കൂടത്തായി'എന്ന ചലച്ചിത്രപരമ്പര 13-ാ൦ തിയതി മുതൽ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചു. സീരിയലിന്റെ ട്രെയിലറുകളും പ്രമോ വീഡിയോകളും ഇതിനോടകം തന്നെ അവർ പുറത്തു വിട്ടിട്ടുണ്ട്.
കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന് ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.