• 01 Jun 2023
  • 05: 20 PM
Latest News arrow

''അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറു കൊണ്ട്''- കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണം

പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയ ശാസ്ത്രത്തോടുള്ള കൂറ് കാരണമാണെന്ന് കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി. വിജ്ഞാന കൈരളിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റര്‍ സി അശോകന്റെ 'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോള്‍' എന്ന ലേഖനത്തിലാണ് വിവാദപരാമര്‍ശം. അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും പില്‍ക്കാല ഹിന്ദുത്വ നിലപാടുകളെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനെ സംഘപരിവാര്‍ പ്രത്യയശാസ്ത്ര അനുകൂല നിലപാടുകളുമായി താരതമ്യപ്പെടുത്തിയാണ് വിമര്‍ശനം.

''അക്കിത്തത്തിന്റെ ജ്ഞാനപീഠം നേട്ടം മലയാളത്തിന് അഭിമാനകരം തന്നെയാണ്. അദ്ദേഹം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ല''. എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. തുടര്‍ന്ന് കവിയുടെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കവിതയിലെ പുരോഗമനപരമായ വരികള്‍ കവിയുടെ പില്‍ക്കാല നിലപാടുകളെ ചോദ്യം ചെയ്യുന്നവയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. 

''വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, എന്ന കവിയുടെ വരികള്‍ പിന്നീട് വിരോധാഭാസമായി. ഹിന്ദുത്വ ഫാസിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച് അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഭേദം തമസ്സാണെന്ന് കവിത പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് അങ്ങനെയൊരു കൃതി രചിക്കുക സാധ്യമല്ല. ആ കൃതി നാളിതുവരെ പ്രവര്‍ത്തിച്ചുവരുന്നത് ജീവിച്ചിരിക്കുന്ന അക്കിത്തത്തിന്റെ ഹിന്ദുത്വ നിലപാടുകളെ പിളര്‍ത്തിക്കൊണ്ടാണ്.''  ലേഖനത്തില്‍ ആരോപിക്കുന്നു.

സാംസ്‌കാരിക ദേശീയത എന്ന പേരില്‍ പഴയ പൗരോഹിത്യ സംസ്‌കാരമായ ബ്രാഹ്മണ്യത്തിന്റെ യാഗങ്ങളെയും യജ്ഞങ്ങളെയും മലയാളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം നേതൃതം നല്‍കി. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെയും ഹൈന്ദവ യാഥാസ്ഥിക വീക്ഷണങ്ങളെയും അക്കിത്തം പിന്തുണയ്ക്കുകയാണ് ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഈ സാഹചര്യങ്ങളില്‍ എല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വന്നു നില്‍ക്കുകയാണെന്നും ലേഖനം വാദിക്കുന്നു.