• 18 Aug 2022
  • 02: 51 PM
Latest News arrow

പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി: ഡോ. എം എന്‍ കാരശ്ശേരി

കോഴിക്കോട് : ഭാരതം കാത്തു സൂക്ഷിച്ചു പോരുന്ന ജനാധിപത്യ ബോധത്തിന്റേയും മതേതര മൂല്യങ്ങളുടേയും പരസ്പരവിശ്വാസത്തിന്റെയും ആണിക്കല്ലിളക്കുമാറുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമമെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ.എം.എന്‍ കാരശ്ശേരി. നിയമം മുസ്ലീം സമൂഹത്തിന് മാത്രമല്ല ഇതര മതന്യൂനപക്ഷങ്ങള്‍ക്കും ഭാവിയില്‍ ഭീഷണിയാവുമെന്ന്  കോഴിക്കോട്ട്  എം.കെ. രാഘവന്‍ എംപി നയിക്കുന്ന ദേശരക്ഷാ ലോങ്ങ്  മാര്‍ച്ചില്‍ അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയും നെഹ്‌റുവും  പടുത്തുയര്‍ത്തിയ  സഹവര്‍ത്തിത്വത്തിന്റെയും മതമൈത്രിയുടേയും ഗോപുരങ്ങള്‍ തകര്‍ത്തെറിയാനാണ് കേന്ദ്ര ഭരണാധികാരികളുടേയും അവരെ നയിക്കുന്ന പാര്‍ട്ടിയുടെയും നീക്കം. രാജ്യത്തെ മതേതരവിശ്വാസികള്‍ ഏക മനോസോടെ ഒറ്റകെട്ടായി ഈ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് കാരശ്ശേരി ഉദ്‌ബോധിപ്പിച്ചു.

പ്രശസ്ത ചരിത്രകാരനും  ചിന്തകനുമായ ഡോ.എംജി എസ് നാരായണന്‍  രണ്ടാം ദിവസത്തെ ലോങ്ങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടാന്‍ പോകുന്ന  വിപത്തില്‍ ജനതയെ ബോധവല്‍ക്കരിക്കാന്‍ എം.കെ രാഘവന്റെ ഈ ജാഥ പ്രയോജനപ്പെടട്ടെ എന്ന് അദ്ദേഹം  ആശംസിച്ചു. ഡിസി. സി പ്രസിഡന്റ ടി.സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു  പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍, സിഡി മീഡിയ ചിഫ് എഡിറ്റര്‍ പി. ദാമോദരന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം.എ റസാക്ക്, കെപിസിസി നിര്‍വ്വാഹക സമിതി അംഗം പിഎം. നിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.