• 18 Aug 2022
  • 12: 37 PM
Latest News arrow

ജെഎൻയുവിന്റെ ജനിതകഘടന

രണ്ട് പതിറ്റാണ്ട് മുമ്പ്‌ ഗവേഷണ വിദ്യാർഥിയായി ജെഎൻയുവിൽ കാലെടുത്ത് വച്ചപ്പോൾ മനസ്സിൽ പതിഞ്ഞ ഒരു ബോധ്യമുണ്ട്; വൈവിധ്യമാർന്ന സാംസ്‌കാരികധാരകളുടെയും ആശയവിശ്വാസങ്ങളുടെയും അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെയും തനതായ ജനിതകഘടനയിൽ ഞാനും ഒരു കണ്ണിയാകുകയാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപിക്കും ആർഎസ്എസിനും ജെഎൻയു എന്തുകൊണ്ട് ചതുർഥിയാകുന്നു എന്നതിന്റെ ഉത്തരവും ഇതിലുണ്ട്.

ഈ ലേഖകന്റെ സുഹൃത്തും മുൻ ജെഎൻയു വിദ്യാർഥിയുമായ ഷാജഹാൻ മാടമ്പാട്ട് കുറിച്ചതുപോലെ ഇന്ത്യയുടെ മണവും സ്വരവും താളവും മേളവും കലർപ്പില്ലാതെ പ്രതിഫലിക്കുന്ന ക്യാമ്പസാണ് ജെഎൻയു. കേരളത്തിന്റെ ഗ്രാമത്തിൽനിന്നും ബിഹാറിന്റെ പൊടിമണ്ണിൽനിന്നും വടക്ക് കിഴക്കിന്റെ മലയിടുക്കിൽനിന്നും എത്തുന്നവർ ഒരുപോലെ തങ്ങളുടെ ആശയങ്ങൾ കൈമാറുന്നു. ധിഷണാപരമായ പുതിയ പരീക്ഷണങ്ങൾക്കും സംവാദങ്ങൾക്കും അവർ സ്വതന്ത്രമായ ഇടങ്ങൾ കണ്ടെത്തുന്നു. സ്വാതന്ത്ര്യവും ബഹുസ്വരതയും ജനാധിപത്യവും ഘോഷയാത്രകളാകുമ്പോൾ അവയുടെ ഉലയിൽ രൂപം കൊള്ളുന്നത് മൂർച്ചയുള്ള ആശയങ്ങളാണ്. ജെഎൻയുവിനെ ഏകശിലയിൽ കൊത്തിയ ഒരു സാധാരണ ക്യാമ്പസാക്കി മാറ്റാൻ കേന്ദ്രസർക്കാർ അക്ഷീണം യത്നിക്കുന്നത്  ഇതു കൊണ്ടാണ്.

ജെഎൻയുവിന് മേലുള്ള സംഹാരതാണ്ഡവങ്ങൾക്ക് തനതായ ഒരു രൂപവും രീതിയും സ്വഭാവവും ഉണ്ട്. സൂക്ഷിച്ച് നോക്കിയാൽ ചരിത്രത്തിൽനിന്ന് ഒട്ടേറെ സാദൃശ്യങ്ങൾ കണ്ടെത്താൻ കഴിയും. അധികാരമേറ്റശേഷം ഹിറ്റ്‌ലർ  ഉണ്ടാക്കിയ ഹിറ്റ്‌ലിസ്‌റ്റിൽ  ജർമനിയിലെ സർവകലാശാലകൾക്ക് പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്. മാധ്യമങ്ങളെ വരുതിയിൽ വരുത്താൻ ശ്രമിച്ചതുപോലെ നൊബേൽ ജേതാക്കൾ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയും മറ്റും നാസി കമ്മിസാറുകളുടെ കീഴിൽ കൊണ്ടുവന്നു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ അടുത്ത ബന്ധുവും കടുത്ത ആർഎസ്എസുകാരനുമായ ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാറിന് ഇന്ന് ഈ കമ്മിസാർ റോളാണുള്ളത്.

ജെഎൻയുവിന് തനതായ ഒരു സംസ്‌കാരമുണ്ട്. അതിന്റെ  എറ്റവും സുപ്രധാനമായ ശിലകളിലൊന്ന് അതിന്റെ അഡ്മിഷൻ നയം തന്നെയായിരുന്നു. ഏത് സാമ്പത്തികശ്രേണിയിലുള്ളവർക്കും താങ്ങാൻ കഴിയുന്ന തുച്ഛമായ ഫീസ്. ഭക്ഷണത്തിനും താമസത്തിനും വളരെ ചുരുങ്ങിയ തുക മതി. അതിലും പ്രധാനപ്പെട്ട ഒരു ഘടകമുണ്ടായിരുന്നു - ഡിപ്രിവേഷൻ പോയിന്റ്. നഗരങ്ങളിലെ ആഷ്‌പുഷ് കോളേജുകളിൽനിന്ന് വരുന്ന വരേണ്യവർഗ വിദ്യാർഥികളുമായി ദരിദ്ര-പിന്നോക്ക-ദുർബലവിദ്യാർഥികൾ മത്സരിക്കുമ്പോൾ  സ്വാഭാവികമായുണ്ടാകുന്ന കടുത്ത അസമത്വത്തെ ഭേദിക്കുന്നതിനായിരുന്നു ഈ ഡിപ്രിവേഷൻ പോയിന്റ്. എന്ന് വെച്ചാൽ സ്ത്രീകൾക്കും പിന്നോക്ക പ്രദേശങ്ങളിൽനിന്നും വരുന്ന വിദ്യാർഥികൾക്കും പ്രവേശനത്തിന് പ്രത്യേക പോയിന്റുകൾ നൽകുക. സാധാരണഗതിയിൽ ജെഎൻയു പോലുള്ള ക്യാമ്പസിൽ ഇടം കിട്ടില്ലാതിരുന്ന ദുർബല വിദ്യാർഥികൾ  ഇങ്ങനെ 15 പോയിന്റുകൾവരെ ലഭിക്കുമ്പോൾ അവർ പ്രവേശനത്തിന് അർഹരാകുന്നു. ഈ ബഹുസ്വരതയെ തകർക്കാൻ വേണ്ടിയാണ് രണ്ട് വർഷംമുമ്പ്‌ ഡിപ്രിവേഷൻ പോയിന്റ് എടുത്ത് കളഞ്ഞത്. ഇതിന്റെ തുടർച്ചയെന്നോണം എല്ലാ തലങ്ങളിലുമുള്ള ഫീസുകൾ കുത്തനെ വർധിപ്പിക്കാൻ കഴിഞ്ഞയിടെ തീരുമാനിച്ചത്.  ജെഎൻയുവിനെ സവർണ വരേണ്യ കോട്ടയായി മാറ്റാനുള്ള ഈ  തീരുമാനത്തിനെതിരെയാണ് രണ്ടു മാസംമുമ്പ്‌ വിദ്യാർഥികൾ സമരപാതയിലിറങ്ങിയത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ സമന്വയിപ്പിച്ച് ജെഎൻയു വിദ്യാർഥികൾ ഇന്ത്യക്ക്‌ മാതൃക കാട്ടുകയും ചെയ്‌തു.

സ്വതന്ത്രമായ അക്കാദമിക് ചിന്തകൾക്കും പരീക്ഷണങ്ങൾക്കുമുള്ള പ്രതലമെന്ന നിലയ്‌ക്കാണ് ജെഎൻയു രൂപീകൃതമായത്. ഇന്ത്യയുടെ ഒട്ടേറെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്ന ജ്ഞാനനിർമിതിക്കും ആശയ ബഹിർസ്ഫുരണത്തിനും ജെഎൻയു എക്കാലത്തും വേദിയായിരുന്നു. അമിതാധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന് ഉലയൂതിയ തിളങ്ങുന്ന ഏടുകളുമുണ്ട്. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരെയുള്ള ചെറുത്തുനിൽപ്പ്‌ തന്നെ  ഉദാഹരണം. അന്നൊന്നും ഒരു വിസിമാരും ജെഎൻയുവിന്റെ അക്കാദമിക് സ്വൈര്യവിഹാരത്തിന് കടിഞ്ഞാൺ ഇട്ടിരുന്നില്ല. കെ ആർ നാരായണനെ പോലുള്ള വ്യക്തികൾ ഇരുന്ന കസേരയിലാണ് ഇന്ന് ആർഎസ്എസുകാരൻ അമർന്ന് ഇരിക്കുന്നത്.

എന്ത് കൊണ്ടാണ് സംഘപരിവാർ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്? സമൂഹത്തെ മാറ്റിമറിക്കുന്നതും നവീകരിക്കുന്നതുമായ ആശയങ്ങൾ പലപ്പോഴും ഉടലെടുക്കുന്നത് കലാശാലകളിലാണ്. ജെഎൻ യുവിൽ രാത്രിയും പകലാണ്. മിക്ക ഹോസ്റ്റലുകളുടെ മുന്നിലും ചെറിയ ധാബകൾ (തട്ടുകട) ഉണ്ട്. രാത്രി വൈകിയും വിദ്യാർഥികൾ കൂട്ടം കൂടിയിരുന്ന് ലോകത്തിന്റെ വിദൂരകോണുകളിലുള്ള പ്രതിസന്ധികളെക്കുറിച്ചുപോലും ചർച്ച ചെയ്യും. ജാതിയുടെയും മതത്തിന്റെയും മുൾപ്പടർപ്പിൽ കഴിയുന്ന ഗ്രാമങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളിൽ പലരും ഇത്തരം സംവാദങ്ങളിൽ പങ്കുചേരും. ബിഹാറിലെ സിവാനിൽ അനീതിക്കെതിരെ പൊരുതി വെടിയേറ്റു മരിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷനായിരുന്ന ചന്ദ്രശേഖർ പ്രസാദ് ഇതിന്റെ ഒരു പരിഛേദമാണ്.

ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രതിഭാധനന്മാർ ജെഎൻയുവിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിരുന്നു. ഇവിടുത്തെ അധ്യാപകർ മറിച്ചും യാത്ര ചെയ്യും. ജെഎൻയുവിലെ അന്താരാഷ്ട്ര സെമിനാറുകളുടെ എണ്ണം ഇന്ന് മൂന്നിൽ ഒന്നായി ചുരുങ്ങി. വരുന്ന പണ്ഡിതർ കാലേക്കൂട്ടി തങ്ങൾ പറയാൻ പോകുന്നതിന്റെ ചുരുക്കം സമർപ്പിച്ച് അധികാരികളുടെ അനുമതി തേടണം. അനുമതി നൽകിയാൽ പോലും ഫണ്ട് കൊടുക്കാതെ സെമിനാറുകളെ ബീജാവസ്ഥയിൽത്തന്നെ കൊന്നൊടുക്കുന്നു. ജെഎൻയു അധ്യാപകർക്കും ഇതു പോലെ വിലക്കുകൾ ഉണ്ട്. മറ്റ് സർവകലാശാലകളിൽ പേപ്പറുകൾ അവതരിപ്പിക്കാൻ പോകുന്നതിന് അവധി കിട്ടണമെങ്കിൽ സിനോപ്‌സിസ് നൽകി കാലേക്കൂട്ടി അനുമതി വാങ്ങണം. രണ്ടുമാസത്തെ സമ്മർ വെക്കേഷനും ഒരു മാസത്തെ ക്രിസ്‌മസ് അവധിയും ജെഎൻയുവിന്റെ പ്രത്യേകതയായിരുന്നു. അധ്യാപകർക്ക് ജ്ഞാനാർജനത്തിന് വിദേശ രാജ്യങ്ങളും ദൂരദിക്കുകളും സന്ദർശിക്കാൻ അവസരമൊരുക്കുക, വടക്ക് കിഴക്ക് പോലുള്ള വിദൂര സ്ഥലങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ അറിവും വിവരവും തങ്ങളുടെ നാട്ടുകാരുമായി പങ്കുവെയ്‌ക്കുക തുടങ്ങിയ ഉദാത്തമായ ലക്ഷ്യങ്ങളായിരുന്നു ഈ അവധികൾക്ക് പിന്നിൽ. ഇന്ന് ഒരു മാസത്തിന് പകരം ഏഴ് ദിവസമാണ് ക്രിസ്‌മസ് അവധി. സമ്മർ അവധി രണ്ടിൽനിന്ന് ഒരു മാസമായി. സാമൂഹ്യശാസ്ത്രവും ശാസ്ത്രവുമൊക്കെ മാറ്റി വയ്‌ക്കുക, വംശശുദ്ധി പഠനത്തിന് ഫണ്ട് അനുവദിക്കാമെന്ന് ഫ്രാങ്ക്ഫർട്ട് സർവകലാശാല കമ്മിസാർ പറഞ്ഞതുമായി ഇവയെല്ലാം കൂട്ടി വായിക്കണം.

ജെഎൻയുവിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന അക്കാദമിക് സമൂഹം നടത്തുന്ന പോരാട്ടം അവരുടെ ഏതെങ്കിലും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനല്ല. ബഹുസ്വരതയിലും സ്വാതന്ത്ര്യത്തിലുമൂന്നിയ ഇന്ത്യ എന്ന ആശയത്തെ ആശ്ലേഷിക്കാനാണ്. നിരാശയും നിസ്സഹായാവസ്ഥയും വിളമ്പാനല്ല മറിച്ച് പ്രതിരോധത്തിന്റെ പ്രതീക്ഷകൾ വിതറാനാണ് ജെഎൻയു വിദ്യാർഥികളുടെ ചുവടുകൾ നിണമണിയുന്നത്. ധിഷണയെ ഉദ്ദീപിപ്പിക്കുന്ന ജെഎൻയു പോലുള്ള വിളക്കുമാടങ്ങളെ എറിഞ്ഞുടച്ചാലേ തങ്ങളുടെ മാർഗം സുഗമമാകൂ എന്ന് ആർഎസ്എസിന് നന്നായി അറിയാം. ജെഎൻയു തകരുമ്പോൾ ഇന്ത്യയുടെ ജനിതകഘടനയിൽ മാറ്റം വരുമെന്ന് ഓരോ പൗരനും ഓർമിക്കണം.