• 01 Oct 2023
  • 08: 50 AM
Latest News arrow

മഴ കളിച്ചു; ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു; രണ്ടാം ട്വന്റി-20 ചൊവ്വാഴ്ച ഇൻഡോറിൽ

ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ട്വന്റി-20 മത്സരങ്ങളുടെ പരമ്പരയിലെ ഗുവാഹത്തിയിൽ നടക്കേണ്ട ആദ്യ ട്വന്റി-20 ടോസിന് പിന്നാലെ പെയ്ത മഴയിൽ  ഉപേക്ഷിച്ചു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിൽ ടോസ് ജയിച്ച ഇന്ത്യ ഫീൽഡിങ്ങിന് തയ്യാറെടുക്കവെയാണ് മഴയെത്തിയത്. 40 മിനിറ്റോളം തുടർച്ചയായി  മഴ പെയ്തു. ഗ്രൗണ്ട്‌ മൂടിയെങ്കിലും പിച്ച് കുതിർന്നു.  ഇടവേളകളിൽ പിച്ച് പരിശോധിച്ച അംപയർമാർ ഒടുവിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിച്ച് പരിശോധിച്ച ഇന്ത്യൻ നായകൻ വിരാട് കോലിയും കുതിർന്ന പിച്ചിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ അരങ്ങേറിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

രണ്ടാം ട്വന്റി-20 ഏഴാം തീയതി, ചൊവ്വാഴ്ച ഇൻഡോർ ഹോള്‍കര്‍ സ്‌റ്റേഡിയത്തിലും മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച പൂനെ പിംപ്രി ചിഞ്ച്വാഡിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും നടക്കും. ആദ്യ മത്സരം ഉപേക്ഷിച്ച സ്ഥിതിക്ക് ഇനിയുള്ള രണ്ടു ട്വന്റി-20 മത്സരങ്ങളും ഇരു ടീമുകളെ സംബന്ധിച്ചും നിർണായകമാണ്.

സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ച  രോഹിത് ശര്‍മ്മയെ കൂടാതെയാണ്  ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ പരമ്പര കളിക്കുന്നത്. അതേസമയം, ജസ്പ്രീത് ബൂംറ നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം  ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ബൂംറയെ കൂടാതെ ശിഖര്‍ ധവാനും പരുക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.  ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള റിഹേഴ്‌സലായാണ് ഇന്ത്യ ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പരയെ കാണുന്നത്..

 

.