"ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന 'കളി'യില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം"- മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എബിവിപി ക്കാര് തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.