• 01 Oct 2023
  • 07: 48 AM
Latest News arrow

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20 ഞായറാഴ്ച ഗുവാഹത്തിയിൽ; കനത്ത സുരക്ഷ

ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ട്വന്റി-20 മത്സരങ്ങളുടെ പരമ്പരയിലെ ഗുവാഹത്തിയിൽ നടക്കുന്ന ഒന്നാം ട്വന്റി-20 മത്സരത്തിന് സുരക്ഷ ശക്തമാക്കി. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ അരങ്ങേറിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം കനത്ത സുരക്ഷയില്‍ നടത്താന്‍ ബി.സി.സി.ഐയും അസം ക്രിക്കറ്റ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു. നാളെ (ഞായറാഴ്ച)  വൈകുന്നേരം ഏഴുമണിക്ക്  അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളു. പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു.

രണ്ടാം ട്വന്റി-20 ചൊവ്വാഴ്ച ഇൻഡോർ ഹോള്‍കര്‍ സ്‌റ്റേഡിയത്തിലും മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച പൂനെ പിംപ്രി ചിഞ്ച്വാഡിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും നടക്കും.