• 23 Feb 2020
  • 10: 31 PM
Latest News arrow

എന്താണ് കുദ്‌സ് സേന, ആരാണ് സുലൈമാനി?

പശ്ചിമ-മധ്യ-പൂര്‍വ്വേഷ്യയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൈനിക താല്‍പ്പര്യങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്ന സൈനിക സംഘടനയാണ് കുദ്‌സ് സേന. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രത്യേക സേനയായ കുദ്‌സിനെ 1998 മുതല്‍ നിയന്ത്രിച്ചിരുന്ന വ്യക്തിത്വമാണ് കൊല്ലപ്പെട്ട ഖാസൈം സുലൈമാനി. വിദേശ രാജ്യങ്ങളില്‍ സൈനിക ഓപ്പറേഷന്‍ അടക്കം നടത്തുന്ന സംഘടന അമേരിക്ക വിരുദ്ധരായ പോരാളികളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 

വിദേശത്തുള്‍പ്പെടെ രഹസ്യദൗത്യങ്ങള്‍ നടത്തുകയാണ് സേനയുടെ ലക്ഷ്യം. ഹിസ്ബുല്ല, ഹമാസ്, ഹൂതി, ഷിയ സംഘനകള്‍ക്ക് കുദ്‌സ് സേന പിന്തുണ നല്‍കുന്നുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് കുര്‍ദുകളെ കുദ്‌സ് സേന പിന്തുണച്ചു. സിറിയയില്‍ ബഷര്‍ അല്‍ അസദ് ഭരണകൂടത്തെ നിലനിര്‍ത്തുന്നതില്‍ സുലൈമാനിയും കുദ്‌സും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ കാരണം കുദ്‌സേന ഒരു ഭീകരസംഘടനയാണെന്നാണ് യുഎസും സൗദി അറേബ്യയും ബഹ്‌റൈനും ആരോപിക്കുന്നത്. 

ഇറാഖിലും സിറിയയിലും മറ്റ് പല രാജ്യങ്ങളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു കുദ്‌സ് സേനയുടെ തലവനായിരുന്ന ഖാസൈം സുലൈമാനി. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഉണ്ടായിരുന്ന സമയത്ത് ഖാസൈം സുലൈമാനിയുടെ സ്വാധീനം പ്രകടമായിരുന്നു.
അതുപോലെ 2007ല്‍ ഇറാഖില്‍ വലിയ വര്‍ഗീയ കലാപം ഉണ്ടായ സമയത്ത് അമേരിക്കയും ഇറാനും നേരിട്ട് ബാഗ്ദാദില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് ഇറാനെ പ്രതിനിധീകരിച്ചത് ഇറാന്‍ അംബാസിഡറാണ്. ഈ അംബാസിഡര്‍ ചര്‍ച്ചയ്ക്കിടയില്‍ പലവട്ടം പുറത്തുപോയി സുലൈമാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പിന്നീട് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹമായിരുന്നു ആ ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. 

ഇത്തരത്തില്‍ സുപ്രധാനമായ പല ഇടപെടലുകളും നടത്തിയിട്ടുള്ള നേതാവാണ് സുലൈമാനി. വലിയ താരപരിവേഷം സുലൈമാനിയ്ക്ക് ഇറാനിലുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് അവിടെയുള്ള സൈന്യത്തെ അനുകൂലിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ടെഹ്‌റാനില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡ് നേടിയ പല ചലച്ചിത്ര പ്രവര്‍ത്തകരും അവരുടെ പുരസ്‌കാരം സുലൈമാനിക്കാണ് സമര്‍പ്പിച്ചത്. അതുകൊണ്ട് തന്നെ സുലൈമാനിയ്ക്ക് ഇറാനില്‍ ഒരു ദേശീയ മുഖം തന്നെ കൈവന്നിട്ടുണ്ട്. അദ്ദേഹത്തെയാണ് അമേരിക്ക ഇപ്പോള്‍ വകവരുത്തിയിരിക്കുന്നത്. അതിന് തീര്‍ച്ചയായും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ഇറാന്‍ വ്യക്തമാക്കയിട്ടുണ്ട്.