• 18 Aug 2022
  • 01: 34 PM
Latest News arrow

പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിന്റെ മുഖപ്രസംഗം.

ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണെന്നുമാണ്  ജനയുഗം കുറ്റപ്പെടുത്തുന്നത്. ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ  പറയുന്നു.

"ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളോ അല്ല, അവ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോഡി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്.' - ജനയുഗം മുഖപ്രസംഗം പറയുന്നു..