• 19 Jan 2020
  • 10: 40 PM
Latest News arrow

വർണാഭമായ ആഘോഷപരിപാടികളോടെ പുതുവത്സരത്തെ വരവേറ്റ് ദുബായ്

ദുബായ്: ഉറങ്ങാതെ കാത്തിരുന്ന് പുതുവത്സരത്തെ വരവേറ്റ് ദുബായ്. ലോകം കണ്ട വർണാഭമായ പുതുവത്സരാഘോഷങ്ങളിലൊന്നാണ് ദുബായിയിൽ നടന്നത്. 20 ലക്ഷത്തോളം ആളുകളാണ് പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായിയിൽ എത്തിയതെന്നാണ് കണക്ക്. അതിൽ 10 ലക്ഷം പേർ കരിമരുന്ന് പ്രയോഗം വീക്ഷിക്കാനെത്തിയവരായിരുന്നു.

ദുബായിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, ബുർജ് അൽ അറബ്, അൽ സീഫ്, ദ ബീച്ച് എന്നിവ ഉൾപ്പെടെ 25 സ്ഥലങ്ങളിലായിരുന്നു ആഘോഷം. കാഴ്ചകൾ ആസ്വദിക്കാൻ ഉല്ലാസനൗകകളും അധികൃതർ തയ്യാറാക്കിയിരുന്നു. കെട്ടിടങ്ങളുടെ മുകളിൽ കയറിനിന്നും പൊതുജനങ്ങൾ നഗരകാഴ്ചകൾ ആസ്വദിച്ചു.

കരിമരുന്ന് പ്രയോഗവും ലേസർഷോയും ഉണ്ടായി. പാർക്കുകളിലും കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികൾ അരങ്ങേറി. ബുർജ് ഖലീഫയിൽ ചൊവ്വാഴ്ച രാത്രി കൃത്യം 11.57 മുതൽ തുടങ്ങിയ കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനിന്നു. കാർണിവൽ, ഫൗണ്ടൻ ഷോ, ആനിമേഷൻ തുടങ്ങി വിവിധ ആഘോഷപരിപാടികളും ഉണ്ടായിരുന്നു. ദുബായ് ഫെറി, വാട്ടർ ബസ്, അബ്ര എന്നിവയിൽ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവും പൊതുജനങ്ങൾക്ക് നൽകിയിരുന്നു.

ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ആഘോഷങ്ങൾ തൽസമയം കണ്ടു. പുതുവത്സരാഘോഷം സംഘടിപ്പിച്ച ടീമിനെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. വിവിധ രാഷ്ട്രത്തലവൻമാർ യു.എ.ഇ. ഭരണാധികാരികൾക്ക് പുതുവത്സര ആശംസകൾ  കൈമാറി.