• 21 Jan 2020
  • 11: 33 AM
Latest News arrow

ഡോ. ജോണ്‍ ജോസഫ് സിബിഐസി തലവന്‍

ന്യൂഡല്‍ഹി: മലയാളിയായ ഡോ. ജോണ്‍ ജോസഫ് കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ്‌ബോര്‍ഡിന്റെ (സിബിഐസി) മേധാവിയായി നിയമിതനായി. നിലവില്‍ സിബിഐസി അംഗവും ധനമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ജോണ്‍ ജോസഫ്. കോട്ടയം കുറിച്ചിത്താനം സ്വദേശിയായ ജോണ്‍ ജോസഫ് ഏറെക്കാലം കോഴിക്കോട് ഈസ്റ്റ്ഹില്ലിലായിരുന്നു താമസം.

ദീര്‍ഘകാലം റവന്യൂ ഇന്റലിജന്‍സിലും ആദായ നികുതി വകുപ്പിലും ജോലി ചെയ്തിട്ടുള്ള ജോണ്‍ കേരളത്തില്‍ സ്വര്‍ണ്ണം, വെള്ളി കള്ളക്കടത്ത് പിടികൂടുക വഴി നികുതി വെട്ടിപ്പുകാര്‍ക്ക് ഒരു പേടി സ്വപ്‌നമായിരുന്നു. വിനയാന്വിതമായ പെരുമാറ്റവും നിയമത്തോടും ജോലിയോടുമുള്ള പ്രതിബദ്ധതയും മൂലം സര്‍ക്കാറിന്റെ പ്രീതി സമ്പാദിച്ചിട്ടുള്ള ഈ ഉദ്യോഗസ്ഥന്‍ മികച്ച ചെസ് കളിക്കാരനാണ്. കോഴിക്കോട്ട് ഡിആര്‍ഐ അസി. കമ്മീഷണറായി ജോലി ചെയ്തിരുന്ന കാലത്ത് ആറു വര്‍ഷത്തോളം കേരളാ ചെസ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.

മുംബൈ തുറമുഖത്ത് കസ്റ്റംസ് ചീഫ് കമ്മീഷണറായിരുന്ന അവസരത്തില്‍ രാജ്യത്തെ കയറ്റുമതിക്ക് കരുത്തേകിയ നടപടികളിലൂടെ ശ്രദ്ധേയനായിരുന്നു. കേരളത്തില്‍ മാവോയിസ്റ്റ് വിരുദ്ധ സേന എസ്പിയായി നിയമിതയായ ചൈത്ര തെരസാ ജോണ്‍ ഐപിഎസ് ഡോ. ജോണ്‍ ജോസഫിന്റെ മകളാണ്. മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മേരി എബ്രഹാമാണ് ഭാര്യ. മകന്‍ ഡോ. ജോസഫ് ജോണ്‍.