• 25 Feb 2020
  • 03: 24 AM
Latest News arrow

'ചന്ദ്രയാന്‍-3'-ന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി; 'ഗഗന്‍യാന്‍' ദൗത്യത്തിന് 4 പേർ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ 'ചന്ദ്രയാന്‍-3'-ന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍. 'ചന്ദ്രയാന്‍-3'  അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആര്‍ഒയുടെ 'ഗഗന്‍യാന്‍' ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുവെന്നും കെ.ശിവന്‍ വെളിപ്പെടുത്തി. "2022-ഓടെയാകും 'ഗഗന്‍യാന്‍' ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സംവിധാനങ്ങളും  പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതി"- അദ്ദേഹം പറഞ്ഞു.

'ചന്ദ്രയാന്‍-2' പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും കെ.ശിവൻ  പറഞ്ഞു. 'ചന്ദ്രയാൻ -2' ൽ ഞങ്ങൾ നല്ല പുരോഗതി കൈവരിച്ചു, ഞങ്ങൾക്ക് വിജയകരമായി ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും, ഭ്രമണപഥം ഇപ്പോഴും പ്രവർത്തിക്കുന്നു, അടുത്ത 7 വർഷത്തേക്ക് സയൻസ് ഡാറ്റ നിർമ്മിക്കാൻ ഇത് സഹായിക്കും.

രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയില്‍ 2,300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.