മേരി കോമിന് എതിരെയല്ല, ട്രയല്‍സ് നടത്താതെ താരത്തെ അയക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതികരിച്ചതെന്ന് നിഖാത് സരീന്

ഹൈദരാബാദ്: മേരി കോമിന് എതിരെയല്ലായിരുന്നു തന്റെ പോരാട്ടമെന്ന് ഒളിമ്പിക്സ് യോഗ്യതയ്ക്കായുള്ള ട്രയല്‍സില്‍ മേരി കോമിനെതിരെ പരാജയപ്പെട്ട നിഖാത് സരീന് പ്രതികരിച്ചു.
"ട്രയല്‍സ് നടത്താതെ ഒരു താരത്തെ യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. മേരിയോട് എനിക്ക് വ്യക്തിപരമായി യാതൊരു പരിഭവവും ഇല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നതല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെതാണ്."- നിഖാത് സരീന് പറഞ്ഞു.
മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാന്‍ തയ്യാറാവാഞ്ഞത് വിവാദമായിരുന്നു. തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും തന്നോട് ബഹുമാനം കാട്ടാത്തവരോട് തിരിച്ച് ബഹുമാനം കാട്ടുന്നതെങ്ങിനെയെന്നും മേരി കോം ചോദിച്ചിരുന്നു.
"മേരി എന്നോട് ദേഷ്യപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്കെതിരെ വ്യക്തിപരമായി സംസാരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഞാന്‍ അതിന് പ്രതികരിക്കുന്നില്ല. ഫെഡറേഷനെതിരെയോ മേരി കോമിനെതിരെയോ ആയിരുന്നില്ല എന്റെ പോരാട്ടം. എല്ലാ മത്സരങ്ങള്‍ക്കും മുന്‍പായി ട്രയല്‍സ് നടത്തണമെന്നാണ് എന്റെ ആവശ്യം. അതിനായാണ് ഞാന്‍ ശബ്ദമുയര്‍ത്തിയത്. മേരി കോം ഇതിഹാസതാരമാണ്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ഭയത്തിന്റെ ആവശ്യമില്ല. ഞങ്ങളെല്ലാം അവരുടെ ജൂനിയേഴ്സ് മാത്രം. ഒരു ട്രയല്‍സ് ആവശ്യപ്പെടുമ്പോള്‍ അവര്‍ അതിന് തയ്യാറാകുന്നതാണ് ശരിയായ മാതൃക. ട്രയല്‍സ് കഴിഞ്ഞ് അവര്‍ ഒളിമ്പിക്സ് യോഗ്യതയ്ക്കായി പോകുമ്പോള്‍ ഏവരും സന്തോഷിക്കുന്നു. ഞാന്‍ ട്രയല്‍സില്‍ തോറ്റെങ്കിലും ഹൃദയങ്ങള്‍ കീഴടക്കാനായി എന്നത് സന്തോഷമുള്ള കാര്യമാണ്."- സരീന് പറഞ്ഞു.
2020- ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ മേരി കോമിനെ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അഭിനന്ദിച്ചു. മേരി കോമിനെ ഇതിഹാസം എന്ന് വിളിച്ച കിരൺ റിജിജു നിഖാത് സരീനെ പ്രശംസിക്കുകയും ഇരുവരെക്കുറിച്ചും ഇന്ത്യ അഭിമാനിക്കുന്നുവെന്നും പറയുകയും ചെയ്തു. മേരി കോമിനൊപ്പം എത്താൻ കഴിവുള്ള ബോക്സറാണ് നിഖാത് സരീൻ എന്ന് കായിക മന്ത്രി ട്വീറ്റ് ചെയ്തു.
തന്നെ വെല്ലുവിളിച്ച ലോക യൂത്ത് ചാമ്പ്യൻ നിഖാത് സരീനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ബോക്സിങ്ങ് താരവും ലോക ചാമ്പ്യനുമായ എം സി മേരി കോം ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് സ്ഥാനമുറപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ആറു തവണ ലോക ചാമ്പ്യനായ മേരി കോം 9-1 എന്ന സ്കോറിൽ ഏകപക്ഷീയമായാണ് നിഖാത് സരീനെ തോല്‍പ്പിച്ചത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം.
മേരി കോമിനെ നേരിട്ട് ഒളിമ്പികിസ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത് സരീന് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സെലക്ഷന് ട്രയല്‍സ് സംഘടിപ്പിച്ചത്. സെലക്ഷന് ട്രയല്‍സിലെ ആദ്യമത്സരത്തില്‍ മേരി കോം റിതു ഗ്രേവാളിനെയും സരീന് ജ്യോതി ഗുലിയയെയും കീഴടക്കി ഫൈനലിലെത്തി. തുടർന്ന് സരീനും മേരി കോമും ഏറ്റുമുട്ടി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരി കോമിനെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട നിഖാത് സരീന്, തന്നോട് ഏറ്റുമുട്ടാൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
അടുത്തവര്‍ഷം ഫിബ്രവരി 3 മുതല്‍ 14 വരെ ചൈനയിയിലാണ് ഒളിമ്പിക്സ് യോഗ്യതാമത്സരം.