• 06 Feb 2023
  • 11: 57 AM
Latest News arrow

നിയമം സംരക്ഷിക്കേണ്ടത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: നിയമത്തെ ചോദ്യം ചെയ്താൽ നിഷ്പക്ഷനായിരിക്കില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. "ബില്ലിൽ രാഷ്‍ട്രപതി ഒപ്പിട്ടാൽ പിന്നെ അത് രാജ്യത്തെ നിയമമാണ്. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതൊന്നും തൽക്കാലം എന്‍റെ വിഷയമല്ല. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ നിയമമായി എന്നതിനെ ആർക്കും നിഷേധിക്കാനാവില്ല. രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കേണ്ടത് ഗവർണ്ണറെന്ന നിലയിൽ തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്"- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണ്ണർ നിലപാട് വ്യക്തമാക്കിയത്. 

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിമുഖങ്ങളിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:

"താനാണ് തീരുമാനിക്കുന്നതെങ്കിൽ ഭരണംപോയാലും വേണ്ടില്ല, ബലം പ്രയോഗിച്ച് പൗരത്വനിയമഭേദഗതി നടപ്പാക്കും. കാരണം, പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് മഹാത്മാഗാന്ധിയും നെഹ്റുവും കൊടുത്ത വാഗ്ദാനമാണിത്. പാക്കിസ്ഥാനിൽ ഹിന്ദുക്കൾ അങ്ങേയറ്റത്തെ പീഡനം നേരിടുന്നു. ഞാൻ പാർലമെന്റ് പാസ്സാക്കിയ നിയമത്തെയാണു പിന്തുണച്ചത്. ഒരു പാർട്ടിയുടെയും വക്താവല്ല. രാജ്ഭവനുമുന്നിലും കണ്ണൂരിലും പ്രതിഷേധിക്കാൻവന്നവരെ ചർച്ചയ്ക്കുവിളിച്ചിട്ടും അവർ വന്നില്ല. ഭാരതത്തിലെ ഭരണഘടന ആരെയും ന്യൂനപക്ഷമായി കരുതുന്നില്ല. കൊളോണിയൽ പാരമ്പര്യത്തിൽനിന്നാണ് ഈ പദം വന്നത്. ചോദ്യങ്ങൾ ഉണ്ടായാൽ ഉത്തരങ്ങൾ ഉണ്ടാകും.  മൗനിയായിരിക്കാൻ ആവില്ല. 

അക്രമം നടത്തുന്നവരുടെ വികാരത്തെ മാനിക്കേണ്ടതില്ല. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഇപ്പോൾ എനിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളിൽ ഒരു ഉത്കണ്ഠയുമില്ല.  ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവും. ഒന്നുപറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്ന കാപട്യം എനിക്കില്ല. കേരളത്തിൽ നിക്ഷിപ്തതാത്പര്യക്കാർ മാത്രമാണ് സമരം നടത്തുന്നത്. ഇവിടത്തെ ജനങ്ങൾക്ക് എന്നോട്‌ സ്നേഹമുണ്ട്. ഒരു സ്ഥലത്തുമാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത് - കണ്ണൂരിൽ. അവിടെ പ്രതിഷേധിച്ചവർ മലയാളികളല്ല. ഉത്തരേന്ത്യക്കാരാണ്. ജെ.എൻ.യു.വിൽനിന്നും അലിഗഢിൽനിന്നും വന്നവരായിരുന്നു ഏറെയും.

എനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങൾ ചോദിച്ചതും ചരിത്രകാരൻ ഇർഫാൻ ഹബീബാണ്. അതിന് മറുപടി പറയുക മാത്രമാണ് ഞാൻ ചെയ്തത്. എന്റെ നേർക്ക് അദ്ദേഹം പാഞ്ഞെത്തിയത് ആക്രമിക്കാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു. പട്ടികയിലില്ലാത്ത അദ്ദേഹം അവിടെ സംസാരിച്ചതും ഗവർണ്ണർ  പങ്കെടുക്കുന്ന  പരിപാടി ഒരു മണിക്കൂറിലേറെ നീണ്ടതും തികഞ്ഞ ചട്ടലംഘനങ്ങളാണ്. ഇർഫാൻ ഹബീബിന്‍റെ പേര് കാര്യ പരിപാടിയിൽ ഇല്ല. പേരില്ലാത്ത പരിപാടിയിലാണ് ഇർഫാൻ ഹബീബ് ഇടപെട്ട് സംസാരിച്ചത്. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ട്.

ഞാൻ അലിഗഢിൽ പഠിക്കുമ്പോൾ അവിടെ അധ്യാപകനായിരുന്നു ഇർഫാൻ ഹബീബ്. സ്വേച്ഛാധിപത്യം നിറഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഞാൻ ഒരു ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥിക്കെതിരേ മത്സരിച്ചപ്പോൾ എന്നോടുള്ള വിരോധംകാരണം അയാളെ അവർ പിന്തുണയ്ക്കുകപോലും ചെയ്തു. ഞാൻ പ്രസംഗത്തിൽ ആരുടെ വാക്കുകൾ ഉദ്ധരിക്കണമെന്നുപറയാൻ അദ്ദേഹമാരാണ്. 

ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. നിയമം സംരക്ഷിക്കേണ്ടത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് വീട്ടിൽ പോയാൽ മതിയല്ലോ? - ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. 

#WATCH: Kerala Governor Arif Mohammad Khan speaks to ANI on being heckled by historian Irfan Habib while Khan was delivering his inaugural address at the 80th Indian History Congress at Kannur University, yesterday. pic.twitter.com/i5Mg1AGOUX

— ANI (@ANI) December 29, 2019