വെല്ലുവിളിച്ച നിഖാത് സരീനെ നിലംപരിശാക്കി മേരി കോം ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന്

ന്യൂദല്‍ഹി: തന്നെ വെല്ലുവിളിച്ച ലോക യൂത്ത് ചാമ്പ്യൻ നിഖാത് സരീനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ബോക്സിങ്ങ് താരവും ലോക ചാമ്പ്യനുമായ എം സി മേരി കോം ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് സ്ഥാനമുറപ്പിച്ചു. ആറു തവണ ലോക ചാമ്പ്യനായ മേരി കോം 9-1 എന്ന സ്കോറിൽ ഏകപക്ഷീയമായാണ് നിഖാത് സരീനെ തോല്‍പ്പിച്ചത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം.
മേരി കോമിനെ നേരിട്ട് ഒളിമ്പികിസ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത് സരീന് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സെലക്ഷന് ട്രയല്‍സ് സംഘടിപ്പിച്ചത്. സെലക്ഷന് ട്രയല്‍സിലെ ആദ്യമത്സരത്തില്‍ മേരി കോം റിതു ഗ്രേവാളിനെയും സരീന് ജ്യോതി ഗുലിയയെയും കീഴടക്കി ഫൈനലിലെത്തി. തുടർന്ന് സരീനും മേരി കോമും ഏറ്റുമുട്ടി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരി കോമിനെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട നിഖാത് സരീന്, തന്നോട് ഏറ്റുമുട്ടാൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പരസ്യമായ വെല്ലുവിളി നടത്തിയതിനാല്‍ പോരാട്ടം തീപാറുമെന്ന് കരുതിയെങ്കിലും ഏകപക്ഷീയമായാണ് അവസാനിച്ചത്. നിഖാത് സരീനെതിരെ ഒരവസരത്തിലും മേരി കോം പിറകോട്ട് പോയില്ല.
അടുത്തവര്‍ഷം ഫിബ്രവരി 3 മുതല്‍ 14 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് ഇനി മേരി കോമാണ് പങ്കെടുക്കുക.