ഉത്തരേന്ത്യയിൽ അതിശൈത്യം; നൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ തണുപ്പിൽ വിറച്ച് ദൽഹി

ന്യൂദൽഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ദൽഹിയിൽ കുറഞ്ഞ താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി. മൂന്ന് ദിവസം മുമ്പ് ഇവിടെ കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.വെള്ളിയാഴ്ച 4.2 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില; കൂടിയ താപനില 15 ഡിഗ്രി സെൽഷ്യസും. അടുത്ത മൂന്നു ദിവസങ്ങളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായ 14 ദിവസമായി ദൽഹിയിൽ കൊടുംതണുപ്പാണ്.
118 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദൽഹിയില്‍ അനുഭവപ്പെടുന്നത്. നൂറ് വർഷത്തിനിടെ ദൽഹിയിലെ പകൽത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാമത്തെ ഡിസംബർ ആണിത്. 1919-ലെ ഡിസംബറിലാണ് ഇതിനു മുൻപ് ഇതുപോലെ തണുപ്പുകൂടിയത്. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 19.84 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറിൽ ഇത് 19.8 ഡിഗ്രി സെൽഷ്യസായിരുന്നു.
ജനുവരി ആദ്യവാരം ദൽഹിയിൽ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ദൽഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി 9,000-ത്തോളം പേർ ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നുണ്ട്. യു.പി സർക്കാറും ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.
ദൽഹി, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഞായറാഴ്ച വരെ കൊടുംതണുപ്പിനുള്ള ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാണയിലെ ഹിസാർ: കുറഞ്ഞ താപനില 0.3 ഡിഗ്രി.
പഞ്ചാബിലെ ബട്ടിൻഡ: കുറഞ്ഞ താപനില 2.8 ഡിഗ്രി.
ചണ്ഡീഗഢ്: കുറഞ്ഞ താപനില 8.8 ഡിഗ്രി.
രാജസ്ഥാനിലെ ഫത്തേപുർ: കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി.
ജമ്മുകശ്മീരിലെ ശ്രീനഗർ: കുറഞ്ഞ താപനില മൈനസ് 5.6 ഡിഗ്രി; പഹൽഗാം: കുറഞ്ഞ താപനില മൈനസ് 12 ഡിഗ്രി; ലഡാക്ക്: കുറഞ്ഞ താപനില മൈനസ് 20 ഡിഗ്രി.
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് തലസ്ഥാനത്തേക്കുള്ള 21 തീവണ്ടികൾ മണിക്കൂറുകൾ വൈകി.