• 05 Jul 2020
  • 01: 05 PM
Latest News arrow

# മിസ് യു മിഗ് 27...

ജോധ്പുർ: നാല് ദശാബ്ദത്തോളം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും ആവേശവും ആയിരുന്ന മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി.

ജോധ്പൂരിലെ വ്യോമസേനാത്താവളത്തില്‍ നിന്ന് ഏഴ് മിഗ് 27 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ്രണ്‍  സൈന്യത്തിന്റെ മുഴുവൻ  ആദരവും ഏറ്റുവാങ്ങിയാണ്  വിടവാങ്ങിയത്. ജോധ് പൂരിലെ എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സേനാമേധാവികളുടെ സാന്നിധ്യത്തിലായിരുന്നു മിഗ് 27 സേവനം അവസാനിപ്പിച്ചത്. വിരമിക്കുന്നതിന് മുമ്പ് മിഗ് 27 അവസാനമായി ഒരിക്കല്‍ കൂടി പറന്നു. ഡീ കമ്മീഷന്‍ ചടങ്ങിന്റെ ഭാഗമായി മിഗിന് ഇന്ത്യന്‍ വ്യോമസേന വാട്ടര്‍ സല്യൂട്ട് നല്‍കി. തുടർന്ന്  വ്യോമസേന മിഗ് 27-നെ ഡീ കമ്മീഷന്‍ ചെയ്തതായി പ്രഖ്യാപിച്ചു. ഇതോടെ യുദ്ധ സ്മരണകള്‍ അവശേഷിപ്പിച്ച്  മിഗ് 27- ചരിത്രത്തിന്റെ ഭാഗമായി. മിഗ് 27 വിടവാങ്ങിയത് ഒരു 27 ന് ആണ് എന്നതും കൗതുകമായി.

മിഗ് 27 ഇപ്പോഴും കൈവശമുള്ള ഏകരാജ്യമാണ് ഇന്ത്യ. 1975-ല്‍  മിഗ്-27 നെ അന്നത്തെ സോവിയറ്റ് യൂണിയനാണ് പുറത്തിറക്കിയത്. സോവിയറ്റ് യൂണിയനിലെ എയർക്രാഫ്റ്റ് ഡിസൈനർ ആയ മിഖായേൽ ഗുരേവിച്ചിന്റെ സ്മരണാർത്ഥമാണ് 'മിഗ്' എന്ന പേര് നൽകിയത്.  1984-ൽ ഇന്ത്യ മിഗിനെ സ്വന്തമാക്കിയ ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ 165 വിമാനങ്ങള്‍ എച്ച്എഎല്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2006-ല്‍ മിഗ് വിമാനങ്ങള്‍ നവീകരിച്ച് ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു.1980-90 കളില്‍ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മിഗ് 27.

കാലപ്പഴക്കം മൂലം തുടര്‍ച്ചയായുണ്ടായ അപകടങ്ങളാണ് മിഗ് 27-നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ സേനയെ പ്രേരിപ്പിച്ചത്.  പരീക്ഷണ പറക്കലിനിടെ മിഗ് പലപ്പോഴും നിലംപതിച്ചിരുന്നത് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയിരുന്നു. മാദ്ധ്യമങ്ങള്‍ മിഗ് 27-ന്  നല്‍കിയ.പേര് 'കില്ലര്‍' അഥവാ കൊലയാളി എന്നായിരുന്നു.

ഇന്ത്യന്‍ വ്യോമസേന  മിഗിനെ 'ബഹാദൂര്‍' (ധീരൻ ) എന്നാണ്  വിളിക്കാറ്.  ആകാശത്തേക്ക് ചീറിപ്പറന്ന് ശത്രുപാളയത്തിൽ തുടരെ ബോംബിടാനുള്ള  മിടുക്ക് മിഗ് 27-നുണ്ടായിരുന്നു. മണിക്കൂറില്‍ 1,350 കിലോമീറ്റര്‍ വേഗതയില്‍ പറന്നിരുന്ന മിഗ് 27  ലേസര്‍ ബോംബറുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിച്ചിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിൽ മിഗ് 27 നിർണ്ണായക പങ്ക് വഹിച്ചു. ടൈഗര്‍ഹില്ലും, ബാതാലിക്കിലെ ജുബാര്‍ കുന്നുകളും പിടിച്ചെടുത്ത് 'ഓപ്പറേഷന്‍ വിജയ്' പൂർത്തിയാക്കുമ്പോൾ  ഇന്ത്യയ്ക്ക് നഷ്ടമായത് ഒരേ ഒരു മിഗിനെ മാത്രമാണ്.

ഡീ കമ്മീഷന്‍ ചെയ്യുന്ന സൈനിക വിമാനങ്ങള്‍ യുദ്ധസ്മാരകങ്ങളാക്കി പ്രദര്‍ശിപ്പിക്കുകയോ അല്ലെങ്കില്‍ സുഹൃദ്  രാജ്യങ്ങള്‍ക്ക്  സമ്മാനിക്കുകയോ ആണ്  ചെയ്യാറ്.

മിഗ് പരമ്പരയിൽ ഇന്ത്യയുടെ കൈയ്യില്‍ ഇനി അവശേഷിക്കുന്നത് മിഗ് 21ഉം ,29 ഉം ആണ്. ഇവയുടെ സേവനവും സേന വൈകാതെ അവസാനിപ്പിക്കുമെന്നറിയുന്നു. മിഗ് 23 നേരത്തെ ഡീ കമ്മീഷന്‍ ചെയ്തിരുന്നു.

 

Editors Choice