പാക്കിസ്ഥാനിൽ നിന്നും പറന്നു പറന്നെത്തി രാജസ്ഥാനിലും ഗുജറാത്തിലുമുള്ള കർഷകരെ കണ്ണീരുകുടിപ്പിച്ച് വെട്ടുകിളിക്കൂട്ടം

വഡോദര: വടക്കൻ ഗുജറാത്തിലും പടിഞ്ഞാറൻ രാജസ്ഥാനിലും വയലുകളിൽ പാക്കിസ്ഥാനിൽ നിന്നും പറന്നെത്തിയ വെട്ടുകിളികളുടെ (locust) ആക്രമണം. വയലുകളിലേക്ക് ഇരച്ചെത്തി ഇവ വിളകൾ നശിപ്പിക്കുകയാണ്. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ സംസ്ഥാനങ്ങളിലേക്കയച്ചു. പാക്കിസ്ഥാനിലെ മരുപ്രദേശങ്ങളിൽ നിന്നാണു വെട്ടുകിളികൾ കൂട്ടത്തോടെയെത്തുന്നതെന്ന് വിദഗ്ധ സംഘം പറഞ്ഞു. പുൽച്ചാടിക്കു സമാനമായ ചെറുജീവികളാണു വെട്ടുകിളികൾ.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണിത്. ആവണക്ക്, ജീരകം, കടുക്, നിലക്കടല, പരുത്തി, ഗോതമ്പ് തുടങ്ങിയ വിളകൾക്കെല്ലാം വലിയ ഭീഷണിയായിട്ടുണ്ട് . 25-30 ശതമാനം വിളവാണ് ഇവ നശിപ്പിക്കുന്നത്. വെട്ടുകിളികളെ തുരത്താൻ ഉച്ചത്തിൽ സംഗീതം വെക്കുക, സ്റ്റീൽ പ്ലേറ്റുകളും ഡ്രമ്മുകളും തട്ടുക തുടങ്ങിയവയ്ക്ക് പുറമെ കീടനാശിനി തളിക്കാനും ആരംഭിച്ചിട്ടുണ്ട്.
വടക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലെ വയലുകളിലേക്ക് പറന്നിറങ്ങുകയാണ് വെട്ടുകിളികൾ. ഇവയുടെ ആക്രമണത്തിന്റെ വൻ ആഘാതം ഏറ്റത് 33 ജില്ലകളുള്ള ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ്. പടിഞ്ഞാറൻ രാജസ്ഥാനിലും വെട്ടുകിളി ആക്രമണം ശക്തമായിട്ടുണ്ട്. ജയ്സാൽമിർ, ബാർമെർ, ജലോർ, ജോധ്പുർ, ബിക്കാനിർ, ശ്രീഗംഗാനഗർ തുടങ്ങിയ ജില്ലകളിലാണ് ആക്രമണമെന്ന് മുഖ്യമന്ത്രി അശോക് ഗേലോട്ട് പറഞ്ഞു. വെട്ടുകിളി പ്രതിരോധം കേന്ദ്രത്തിന്റെ ചുമതലയായതിനാൽ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെട്ടുകിളികളെ നേരിടാൻ കേന്ദ്രസർക്കാർ 11 ടീമുകളെ അയച്ചിട്ടുണ്ടെന്ന് പി.ടി.ഐറിപ്പോർട്ട് ചെയ്യുന്നു.
90-കളുടെ തുടക്കത്തിൽ കച്ച് ജില്ലയിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ആക്രമണം ഉണ്ടായിരുന്നു.ഇപ്പോഴത്തേത് അതിനേക്കാൾ രൂക്ഷമാണെന്ന് കർഷകർ പറയുന്നു. ഒരു മാസത്തോളമായി ആക്രമണം നടക്കുന്നുണ്ടെന്നും കർഷകരും സംസ്ഥാന സർക്കാരും സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്നും കർഷകർ കൂട്ടിച്ചേർക്കുന്നു.
വെട്ടുകിളിക്കൂട്ടം പാക്കിസ്ഥാനിൽനിന്നും, രാജസ്ഥാൻ വഴി ഗുജറാത്തിലേക്ക് വരികയാണത്രെ. " പാക്കിസ്ഥാനിൽ നിന്നും കാറ്റിന്റെ ദിശയിൽ രാജസ്ഥാൻ വഴി ഈ പ്രാണികൾ വടക്കൻ ഗുജറാത്തിലെത്തി. കൃഷിക്കാരെ സഹായിക്കുന്നതിനായി കീടനാശിനികൾ തളിക്കാൻ ആരംഭിച്ചിട്ടുണ്ട്. ബനസ്കന്തയിലെ 87-ഓളം ഗ്രാമങ്ങളിൽ വെട്ടുകിളി ശല്യമുണ്ട്"- ഗുജറാത്ത് കൃഷിമന്ത്രി ആർ.സി ഫാൽദു പറഞ്ഞു.
വെട്ടുകിളികളെ അകറ്റാൻ ഉച്ചത്തിലുള്ള സംഗീതം വെക്കുക, സ്റ്റീൽ പ്ലേറ്റുകളും ഡ്രമ്മുകളും തട്ടുക തുടങ്ങിയ പരമ്പരാഗത പ്രയോഗങ്ങൾക്ക് പകരം മികച്ചതും ഫലപ്രദവുമായ നടപടികൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ അമിതമായ കീടനാശിനിപ്രയോഗം വിളയ്ക്കും കർഷകർക്കും ഹാനികരമാണെന്ന് സർക്കാർ പറയുന്നു. ഭക്ഷ്യ-കാർഷിക സംഘടനകൾ ശുപാർശ ചെയ്യുന്ന മാർഗ്ഗങ്ങൾ പിന്തുടർന്ന്, വിള നശിപ്പിക്കുന്ന കീടങ്ങളെ ഗുണനിലവാരമുള്ള കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കണമെന്നാണ് വിള ഗവേഷണ സ്ഥാപനത്തിന്റെ അഭിപ്രായം.
Team of experts from State Govt’s Agriculture Dept sprinkling pesticides to prevent standing crops from locust attack in Radka and other surrounding villages of Banaskantha district pic.twitter.com/UUKGGiLptD
— CMO Gujarat (@CMOGuj) December 26, 2019
The migratory insect - locust has swarmed the Northern parts of Gujarat, causing significant damage to the agriculture
Locusts swarm North Gujarat as helpless farmers seek govt action
Fearful villagers use DJs, thali-belan as weapon to fight the insect @faolocust @GlobalLocust pic.twitter.com/kVrVevlpJh— Aravind Chaudhari અરવિંદ ચૌધરી (@aravindchaudhri) December 25, 2019